അൽഖ്വയ്ദയുടെ അറേബ്യൻ പെനിൻസുല നേതാവ് ഖാസിം അൽ റിമിയെ വധിച്ചതായി ട്രംപ്

ഭീകര സംഘടനയായ അൽഖ്വയ്ദയുടെ അറേബ്യൻ പെനിൻസുല നേതാവ് ഖാസിം അൽ റിമിയെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യെമനിലെ വ്യോമാക്രമണത്തിലാണ് അൽ റിമി കൊല്ലപ്പെട്ടതെന്ന് ട്രംപ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ, അൽഖ്വയ്ദ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഖാസിം അൽ റിമി വധിക്കപ്പെട്ടതോടെ അമേരിക്കയും അതിന്റെ സഖ്യകക്ഷികളും സുരക്ഷിതരായെന്ന് ഡോണാൾഡ് ട്രംപ് പറഞ്ഞു. തങ്ങൾക്ക് നാശമുണ്ടാക്കുന്ന ഭീകരവാദികളെ കണ്ടുപിടിച്ച് ഇല്ലാതാക്കി അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നത് തുടരുമെന്നും ട്രംപ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. യെമനിലെ അമേരിക്കൻ കേന്ദ്രങ്ങളിൽ തുടർച്ചയായി ആക്രമണം ആസൂത്രണം ചെയ്തിരുന്നത് ഖാസിം അൽ റിമിയുടെ നേതൃത്വത്തിലായിരുന്നുവെന്ന് ആരോപിച്ച ട്രംപ്, എപ്പോഴാണ് ഖാസിം കൊല്ലപ്പെട്ടതെന്നതെന്നുള്ള വിശദാംശങ്ങൾ പറയാൻ തയാറായില്ല.
ഫ്ളോറിഡയിലെ യുഎസ് നേവൽ ബേസിന് നേർക്കുള്ള ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഖാസിം അൽ റിമിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് അമേരിക്കയുടെ തിരിച്ചടി. കഴിഞ്ഞ വർഷം ഡിസംബർ ആറിനായിരുന്നു ഫ്‌ളോറിഡയിലെ പെൻസാകോള യുഎസ് നേവൽ എയർ സ്റ്റേഷനിൽ വെടിവയ്പ് നടന്നത്. വെടിവയ്പ്പിൽ സൗദി എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ മൂന്ന് അമേരിക്കൻ നാവികരെ വധിക്കുകയായിരുന്നു. നേരത്തെ ഖാസിം അൽ റിമിയുടെ തലയ്ക്ക് അമേരിക്ക 10 മില്യൻ ഡോളർ വിലയിട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here