ഓസ്ട്രേലിയൻ കാട്ടുതീ ദുരിതാശ്വാസ മത്സരം ഇന്ന്: സച്ചിനും പാഡണിയും; പന്തെറിയുക എലിസ് പെറി

ഓസ്ട്രേലിയൻ തീയിൽ പെട്ടവർക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നടത്തുന്ന മത്സരം ഇന്ന്. ഇന്ത്യൻ സമയം പുലർച്ചെ 9.45നാണ് മത്സരം. മത്സരത്തിൽ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറും പാഡണിയും. നേരത്തെ പരിശീലക വേഷത്തിൽ ആയിരുന്നു എങ്കിലും രണ്ട് ഇന്നിംഗ്സുകളുടെ ഇടയിൽ സച്ചിൻ ഒരു ഓവർ ബാറ്റ് ചെയ്യും. വനിതാ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ എലിസ് പെറി സച്ചിനെതിരെ പന്തെറിയും.
മത്സരത്തിന് യുണിസെക്സ് ടീമുകളാണ് അണിനിരക്കുക. മുൻ ഓസീസ് താരങ്ങളായ റിക്കി പോണ്ടിംഗും ആദം ഗിൽക്രിസ്റ്റുമാണ് ടീമുകളെ നയിക്കുക. റിക്കി പോണ്ടിംഗിൻ്റെ ടീമിൽ ഓസീസ് താരം എലിസ് വിലാനിയും യുവതാരം ഫീബി ലിച്ച്ഫീൽഡുമാണ് വനിതാ താരങ്ങളായി ഉള്ളത്. മാത്യു ഹെയ്ഡൻ, ജസ്റ്റിൻ ലാംഗർ, ബ്രാഡ് ഹാഡിൻ, ഡാൻ ക്രിസ്ത്യൻ, ബ്രെറ്റ് ലീ എന്നിവരാണ് റിക്കി പോണ്ടിംഗിൻ്റെ നിരയിലുള്ള ഓസീസ് താരങ്ങൾ. ബ്രയാൻ ലാറ (വെസ്റ്റ് ഇൻഡീസ്), വസിം അക്രം (പാകിസ്താൻ) എന്നിവരോടൊപ്പം മുൻ ഓസ്ട്രേലിയൻ റൂൾസ് ഫുട്ബോൾ താരം താരം ലുക്ക് ഹോഡ്ജും മത്സരത്തിന് ഇറങ്ങും. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറാണ് പോണ്ടിംഗ് ഇലവൻ്റെ പരിശീലകൻ.
ഗിൽക്രിസ്റ്റ് ഇലവനിൽ മുൻ ഓസീസ് താരം അലക്സ് ബ്ലാക്വെൽ മാത്രമാണ് വനിതാ പ്രതിനിധി. ഷെയിൻ വാട്സൺ, ബ്രാഡ് ഹോഡ്ജ്, ആൻഡ്രൂ സൈമണ്ട്സ്, പീറ്റർ സിഡിൽ, ഫവാദ് അഹ്മദ് എന്നീ ഓസീസ് താരങ്ങൾ ടീമിൽ കളിക്കും. ഒപ്പം മുൻ ഇന്ത്യൻ താരം യുവരാജ് സിംഗും ഓസീസ് മുൻ ഓസ്ട്രേലിയൻ റൂൾസ് ഫുട്ബോൾ താരം റഗ്ബി താരം നിക്ക് റീവോൾട്ടും കാമറൂൺ സ്മിത്തും ടീമിൽ കളിക്കും. നേരത്തെ പരിശീലക റോളിലായിരുന്ന വിൻഡീസ് ഇതിഹാസം കോർട്നി വാൽഷ് ടീമിൽ ഉൾപ്പെട്ടു. പകരം ടിം പെയ്നാണ് ഗിൽക്രിസ്റ്റ് ഇലവനെ പരിശീലിപ്പിക്കുക.
Story Highlights: Australian Bushfire Cricket, Sachin tendulkar, Ellyse Perry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here