‘റണ്‍ ഫോര്‍ യൂണിറ്റി’; കായികവകുപ്പിന്റെ മാരത്തണ്‍ മാര്‍ച്ചില്‍

‘റണ്‍ ഫോര്‍ യൂണിറ്റി’ എന്ന മുദ്രാവാക്യവുമായി കായികവകുപ്പ് സ്‌പോട്‌സ് കേരള മാരത്തണ്‍ 2020 സംഘടിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിപുലമായാണ് ഇത്തവണ മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മിനി മാരത്തണും തിരുവനന്തപുരത്ത് മെഗാ മാരത്തണും നടത്തും. മാര്‍ച്ച് ഒന്നിന് കണ്ണൂരിലാണ് ആദ്യ മത്സരം. തുടര്‍ന്ന് എട്ടിന് കോഴിക്കോട്ടും 15 ന് എറണാകുളത്തും 22 ന് തിരുവനന്തപുരത്തും മാരത്തണ്‍ നടക്കും. മൂന്ന്, അഞ്ച്, 10, 21 കിലോ മീറ്ററുകളിലാണ് മിനി മാരത്തണില്‍ മത്സരം. മെഗാ മാരത്തണില്‍ മൂന്ന്, അഞ്ച്, 10, 21, 42 കിലോ മീറ്റര്‍ മത്സരങ്ങളും. കണ്ണൂരില്‍ പൊലീസ് പരേഡ് ഗ്രൗണ്ടും കോഴിക്കോട് ബീച്ചും എറണാകുളത്ത് വെല്ലിംഗ്ടണ്‍ ഐലന്‍ഡുമാണ് വേദി. മെഗാ മാരത്തണിന് ശംഖുമുഖം വേദിയാകും.
മെഗാ മാരത്തണിന് ആകെ 10 ലക്ഷം രൂപയും മിനി മാരത്തണിന് രണ്ട് ലക്ഷം രൂപ വീതവും പ്രൈസ് മണി നല്‍കും. പങ്കെടുക്കുന്ന എല്ലാവര്‍ക്കും ടീ ഷര്‍ട്ടും ഫിനിഷ് ചെയ്യുന്നവര്‍ക്ക് മെഡലും നല്‍കും. ലഘുഭക്ഷണവും കുടിവെള്ളവും മെഡിക്കല്‍ സംവിധാനവും ഏര്‍പ്പെടുത്തും. 2018 മുതല്‍ സംസ്ഥാനത്ത് മാരത്തണ്‍ സംഘടിപ്പിച്ചുവരികയാണ്.
സംസ്ഥാനത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് ഒരു മഹത്തായ കായിക സംസ്‌കാരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.KeralaMarathon.com എന്ന വൈബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Story Highlights: sports marathon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here