യശസ്വി ജയ്സ്വാളിനെപ്പറ്റി പറയാതിരിക്കാനാവില്ല

അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ പരാജയപ്പെട്ടു. അതും ബംഗ്ലാദേശിനോട്. ഇന്ത്യൻ ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ ഉത്തരവാദബോധമില്ലാതെ ബാറ്റ് ചെയ്ത് സ്വയം ശവക്കുഴി തോണ്ടിയപ്പോൾ നേടാനായത് 177 റൺസ്. മധ്യ ഓവറുകളിൽ ഒന്ന് പതറിയെങ്കിലും അർപ്പണ ബോധവും ആത്മാർത്ഥതയും ഏകാഗ്രതയും കൈവിടാതിരുന്ന ബംഗ്ലാദേശ് ലക്ഷ്യം മറികടന്ന് ചരിത്രം തിരുത്തി. ഇന്ത്യൻ ഇന്നിംഗ്സിൽ ഒറ്റക്ക് പൊരുതിയത് ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ യശസ്വി ജയ്സ്വാൾ ആയിരുന്നു. യശസ്വി ആകെ എടുത്തത് 88 റൺസ്. എക്സ്ട്രാസ് ഉൾപ്പെടെ മറ്റുള്ളവർ എല്ലാവരും കൂടി സ്കോർ ചെയ്തത് 89 റൺസ്. ഈ കണക്കുകൾ മതി യശസ്വി എത്ര മികച്ച കളിക്കാരനാണെന്നു മനസ്സിലാക്കാൻ.
കുറച്ചു നാളുകളായി യശസ്വി ജയ്സ്വാൾ എന്ന പയ്യനെപ്പറ്റി ക്രിക്കറ്റ് ലോകം ചർച്ച ചെയ്യുന്നു. ഇന്ത്യയുടെ ഏജ് ഗ്രൂപ്പുകളിൽ തുടർച്ചയായി ഗംഭീര പ്രകടനം നടത്തുന്ന മെല്ലിച്ച പയ്യനെ ക്രിക്കറ്റ് പണ്ഡിറ്റുകൾ നോട്ടമിട്ടു. 2015ലെ ഗൈൽസ് ഷീൽഡ് മാച്ചിൽ ബാറ്റ് കൊണ്ട് 319 റൺസ് കുറിച്ച യശസ്വി പന്തെറിഞ്ഞപ്പോൾ 13 വിക്കറ്റുകളും വീഴ്ത്തി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. പിന്നാലെ, മുംബൈ അണ്ടർ-16 ടീമിലേക്കും ഇന്ത്യയുടെ അണ്ടർ-19 ടീമിലേക്കും യശസ്വിക്ക് വിളിയെത്തി. 2018ൽ ഇന്ത്യ ചാമ്പ്യന്മാരായ ഏഷ്യ കപ്പിൽ 318 റൺസുമായി യശസ്വി ടോപ്പ് സ്കോറർ പട്ടം ചൂടി. തൊട്ടടുത്ത വർഷം ദക്ഷിണാഫ്രിക്കൻ യുവനിരക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ 173 റൺസ്. ആ വർഷം തന്നെ ഇംഗ്ലണ്ട്-ബംഗ്ലാദേശ് എന്നീ ടീമുകൾ ഉൾപ്പെട്ട ത്രിരാഷ്ട്ര ടൂർണമെൻ്റിൽ 7 മത്സരങ്ങളിൽ നിന്ന് നാല് അർധസെഞ്ചുറികൾ ഉൾപ്പെടെ 294 റൺസ്. യശസ്വി തുടർച്ചയായി തലക്കെട്ടുകൾ ഉണ്ടാക്കിക്കൊണ്ടിരുന്നു.
2018-19 രഞ്ജി സീസണിലാണ് യശസ്വി രഞ്ജിയിൽ മുംബൈക്കു വേണ്ടി അരങ്ങേറുന്നത്. 2019 സെപ്തംബറി ലിസ്റ്റ് എ അരങ്ങേറ്റവും കുറിച്ചു. അടുത്ത മാസം ജാർഖണ്ഡിനെതിരെ ഇരട്ടശതകം നേടിയ യശസ്വി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിൾ സെഞ്ചൂറിയൻ എന്ന റെക്കോർഡിട്ടു. സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ യശസ്വി അഞ്ചാമതുണ്ടായിരുന്നു,. വെറും 6 മത്സരങ്ങളിൽ നിന്ന് 112 ശരാശരിയിൽ 564 റൺസാണ് യശസ്വി നേടിയത്. യശസ്വിക്ക് മുന്നിൽ (പിന്നിലും) ഉണ്ടായിരുന്നവരൊക്കെ 11, 12 മത്സരങ്ങൾ വീതം കളിച്ചിരുന്നു. യശസ്വിയുടെ മികവ് കണക്കിലെടുത്ത് രാജസ്ഥാൻ റോയൽസ് അയാളെ ഐപിഎൽ ടീമിലും എത്തിച്ചു.
ഇതിനൊക്കെ അവസാനമാണ് ലോകകപ്പ് എത്തുന്നത്. ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയത് യശസ്വി ആയിരുന്നു. 6 മത്സരങ്ങളിൽ നിന്ന് 4 അർദ്ധസെഞ്ചുറികളും ഒരു സെഞ്ചുറിയും അടക്കം 400 റൺസാണ് യശസ്വി നേടിയത്. 133 ആണ് യശസ്വിയുടെ ശരാശരി. പട്ടികയിൽ രണ്ടാമതുള്ള താരം അത്ര തന്നെ മത്സരങ്ങളിൽ നിന്ന് നേടിയത് 286 റൺസ്. ടൂർണമെൻ്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരവും യശസ്വി സ്വന്തമാക്കി.
ഫൈനലിൽ നേരത്തെ പറഞ്ഞതു പോലെ യശസ്വി 88 റൺസെടുത്ത് ടോപ്പ് സ്കോററായി. എളുപ്പമായിരുന്നില്ല ആ ഇന്നിംഗ്സ്. ബംഗ്ലാദേശ് അത്ര ഗംഭീരമായാണ് ഫീൽഡിൽ പെരുമാറിയത്. കൃത്യമായി ‘അൺസെർട്ടൻ കോറിഡോറി’ൽ ലാൻഡ് ചെയ്യുന്ന ലെംഗ്ത് ഡെലിവറികൾ. നിങ്ങൾക്ക് ഓൺ ദ റൈസിൽ ബാക്ക് ഫൂട്ട് പഞ്ച് കളിക്കാം. സ്ക്വയർ ഡ്രൈവ് കളിക്കാം, സ്റ്റെപ്പൗട്ട് ചെയ്ത് കവർ ഡ്രൈവ് കളിക്കാം. ഓഫ് സൈഡിൽ റൂമുണ്ടാക്കി സ്ക്വയർ കട്ട് കളിക്കാം. പക്ഷേ, അതിലൊക്കെ റിസ്ക് ഉണ്ട്. എഡ്ജ്ഡ് ആയി സ്ലിപ്പിലോ കീപ്പറിനോ ക്യാച്ച് കൊടുക്കേണ്ടി വരും. യശസ്വി അത് മനസിലാക്കി ക്ഷമയോടെ നിന്നു. മോശം പന്തുകൾ കിട്ടുമ്പോഴൊക്കെ-അത് വളരെ വിരളമായിരുന്നെങ്കിലും-അയാൾ ബൗണ്ടറികൾ കണ്ടെത്തി. അതോടൊപ്പം ബംഗ്ലാ ബൗളർമാരുടെ കടുത്ത സ്ലെഡ്ജിംഗിനെയും യശസ്വി അതിജീവിച്ചു. മറ്റൊരു ഓപ്പണറായ ദിവ്യാൻഷ് സക്സേന ഈ ട്രാപ്പിൽ വീഴുകയും ബൗളറോട് കയർക്കുകയും ചെയ്തു. പക്ഷേ, യശസ്വി ചിരിച്ചു കൊണ്ട് സ്ലെഡ്ജിംഗിനെ നേരിട്ടു. ‘തീയിൽ കുരുത്തവനാടോ മാഷേ’ എന്ന് യശസ്വി അവിടെ അടിവരയിട്ടു. ഏകാഗ്രതയും പക്വതയും ചേർന്ന ആ ഇന്നിംഗ്സ് ഇല്ലായിരുന്നുവെങ്കിൽ…!
യശസ്വിയുടെ ഭൂതകാലം നമ്മളൊക്കെ അറിഞ്ഞതാണ്. കിടക്കാൻ ഇടമില്ലാതെ കാലിത്തൊഴുത്തിൽ അന്തിയുറങ്ങേണ്ടി വന്നു. ചില്ലറ ജോലികൾക്ക് പകരം ഒരു കടയിൽ കിടക്കാൻ ഇടം ലഭിച്ചുവെങ്കിലും അവനെക്കൊണ്ട് വലിയ സഹായം ലഭിക്കുന്നില്ലെന്ന് കണ്ട കടയുടമ അവനെ പുറത്താക്കി. ഭക്ഷണം കഴിക്കാൻ പണം ഇല്ലാത്തതിനാൽ പാനി പൂരി വിറ്റ് പണമുണ്ടാക്കേണ്ടി വന്നു. 3 വർഷം ഒരു ടെൻ്റിൽ കഴിഞ്ഞ ജയ്സ്വാളിൻ്റെ തലവര മാറുന്നത് 2013ൽ ജ്വാല സിംഗ് എന്ന പരിശീലകൻ വഴിയായിരുന്നു. അവൻ്റെ ടാലൻ്റ് കണ്ട ജ്വാല അവന് താമസിക്കാൻ ഇടവും പരിശീലനവും നൽകി. ഇപ്പോൾ യശസ്വിയുടെ ലോക്കൽ ഗാർഡിയനും ഗോഡ്ഫാദറുമൊക്കെ ജ്വാല സിംഗാണ്.
ജ്വാല സിംഗിനു നന്ദി, യശസ്വി ജയ്സ്വാളിനും നന്ദി. ഇന്ത്യയുടെ ക്രിക്കറ്റിംഗ് ഭാവിയിൽ യശസ്വി ഒരുപാട് ചരിത്രം തിരുത്തിക്കുറിക്കുമെന്ന് കരുതാം.
Story Highlights: Yashasvi Jaiswal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here