തദ്ദേശ തെരഞ്ഞെടുപ്പ്: അര്‍ഹതപ്പെട്ട സീറ്റുകള്‍ നേടിയെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റുകള്‍ ഇടതുമുന്നണിയില്‍ നിന്നു നേടിയെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍. മത്സരിക്കുന്ന എഴുപതു ശതമാനം സീറ്റുകളിലെങ്കിലും വിജയിക്കണം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടുന്ന ടീം പ്രത്യേക ജില്ലാ കൗണ്‍സിലുകള്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായി.
തദ്ദേശ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണ് തിരുവനന്തപുരത്തു സമാപിച്ച സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനം. ഇടതുമുന്നണിയില്‍ സീറ്റുകള്‍ നേടിയെടുക്കുന്നതിന് വ്യക്തമായ നിര്‍ദേശങ്ങളും തയാറാക്കി. വാര്‍ഡ് തലം മുതലുള്ള ചര്‍ച്ചകളില്‍ തര്‍ക്കങ്ങളുണ്ടായാല്‍ മേല്‍ കമ്മിറ്റികള്‍ ഇടപെടും. പരമാവധി ഇടങ്ങളില്‍ ഭിന്നതകള്‍ ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ സംസ്ഥാന നേതൃത്വം തന്നെ ചര്‍ച്ച നടത്തണമെന്നും ആവശ്യമുയര്‍ന്നു. ഇടതുപാര്‍ട്ടികള്‍ തമ്മില്‍ പരസ്പരം മല്‍സരിക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കാനാണിത്.
സാധാരണ നിലയില്‍ മല്‍സരിക്കുന്നതില്‍ അന്‍പതു ശതമാനത്തോളം സിപിഐ സ്ഥാനാര്‍ഥികളാണ് വിജയിക്കാറുള്ളത്. ഇക്കുറി എഴുപതിലധികം വിജയശതമാനം ഉറപ്പിക്കണമെന്നാണ് നിര്‍ദേശം. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടീം എല്ലാ ജില്ലകളിലുമെത്തി തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വോട്ടേഴ്‌സ് പട്ടികയില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ഇടപെടണമെന്നാണ് മറ്റൊരു നിര്‍ദേശം. ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്താനും തീരുമാനമായിട്ടുണ്ട്.
Story Election, Local Body Election, CPI State Council
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here