Advertisement

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ വർധനവെന്ന്‌ മുഖ്യമന്ത്രി

February 12, 2020
1 minute Read

സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കേസുകളിൽ വർധനവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സ്ത്രീ സുരക്ഷയിൽ സർക്കാറിന് ആത്മാർത്ഥയില്ലെന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വാളയാർ കേസ് സിബിഐയ്ക്ക് വിടാൻ മടിക്കുന്നതെന്തിനെന്നും. പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ വനിതാ കമ്മീഷൻ മാറ്റിവയ്ക്കുകയാണെന്നും പ്രതിപക്ഷം നിയമസഭയിൽ കുറ്റപ്പെടുത്തി.

വാളയാർ കേസ് സിബിഐയ്ക്ക് വിടാൻ മടിക്കുന്നത് എന്തിനാണെന്ന് പ്രതിപക്ഷം ചോദിച്ചു. പാർട്ടിക്കാർ ഉൾപ്പെട്ട കേസുകൾ വനിതാ കമ്മീഷൻ മാറ്റിവെക്കുന്നെന്ന ആരോപണത്തിന് പ്രതിപക്ഷത്തിനു കുശുമ്പാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ പൊലീസ് നിഷ്‌ക്രിയമാണെന്ന് ആരോപിച്ച് ഷാനിമോൾ ഉസ്മാനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഇരയ്ക്കും വേട്ടക്കാർക്കുമൊപ്പം ഒരേ സമയം നിൽക്കുന്ന സർക്കാർ നിലപാട് കൊണ്ടാണ് കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കേസുകൾ വർധിക്കുന്നത്. വാളയാർ കേസിൽ പൊലീസും, രാഷ്ട്രീയക്കാരും ഇടപെട്ടുവെന്നും കേസിൽ വീഴ്ച പറ്റിയെന്നും എസ്പി തന്നെ കമ്മീഷന് മൊഴി നൽകിയിട്ടുണ്ടെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.

എന്നാൽ, വസ്തുതകൾ മനസിലാക്കാതെയാണ് പ്രതിപക്ഷത്തിന്റെ ആരോപണമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. വാളയാർ കേസിൽ രക്ഷിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കും. മാത്രമല്ല, സംസ്ഥാനത്ത് വനിത കമ്മീഷൻ നല്ലരീതിയിലാണ് പ്രവർത്തിച്ചു പോരുന്നതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

വാളയാർ കേസ് അല്ലെങ്കിൽ പിന്നെ ഏത് കേസാണ് സിബിഐയ്ക്ക് വിടുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എഴുതി നൽകിയാൽ മാത്രമേ സിബിഐയ്ക്ക് കേസ് വിടുകയുള്ളോ എന്നും ആരെ സംരക്ഷിക്കാനാണ് കേസ് സിബിഐയ്ക്ക് വിടാത്തതെന്നും പ്രതിപക്ഷം ആരാഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Story highlight: Cases against women and children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top