‘ഇനിയൊരു തുർക്കി സൈനികന് മുറിവേറ്റാൽ സിറിയൻ സൈന്യത്തെ എവിടെവെച്ചും ആക്രമിക്കാം’ : തുർക്കി പ്രസിഡന്റ്

ഇനിയൊരു തുർക്കി സൈനികന് മുറിവേറ്റാൽ സിറിയൻ സൈന്യത്തെ എവിടെവെച്ചും ആക്രമിക്കുമെന്ന് തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗൻ. വേണ്ടിവന്നാൽ വ്യോമശക്തി ഉപയോഗിക്കുമെന്നും എർദോഗൻ പറഞ്ഞു.
ഫെബ്രുവരി അവസാനത്തോടെ വടക്കുകിഴക്കൻ ഇദ്‌ലിബിലെ തുർക്കിഷ് നിരീക്ഷണ പോസ്റ്റുകൾക്കപ്പുറത്തേക്ക് സിറിയൻ സൈന്യത്തെ തുരത്താൻ തുർക്കി പ്രതിജ്ഞാബദ്ധമാണെന്ന് റസിപ് തയ്യിപ് എർദോഗൻ പറഞ്ഞു. ആവശ്യം വന്നാൽ ഇതിനായി വ്യോമശക്തി ഉപയോഗിക്കുമെന്നും എർദോഗൻ വ്യക്തമാക്കി. തുർക്കി പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018ൽ റഷ്യയുമായുണ്ടാക്കിയ കരാർ പ്രകാരം സിറിയയിലെ ഇദ്‌ലിബിൽ തുർക്കി 12 നിരീക്ഷണ പോസ്റ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. സിറിയൻ സൈന്യത്തിന്റെ ആക്രമണത്തിൽ ഇദ്‌ലിബിൽ ഈ മാസം 13 തുർക്കി സൈനികരാണ് കൊല്ലപ്പെട്ടത്. തുടർന്ന് സിറിയയുടെ നൂറോളം സൈനിക ഔട്ട്‌പോസ്റ്റുകളിൽ ആക്രമണം നടത്തിയതായി തുർക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇദ്‌ലിബിലെ തുർക്കി സൈന്യത്തെ ആക്രമിച്ചതിന് സിറിയൻ സർക്കാർ വലിയ വില നൽകേണ്ടിവരുമെന്ന് ഇന്നലെ പ്രസിഡന്റ് റസിപ് തയ്യിപ് എർദോഗൻ പറയുകയും ചെയ്തു. അതേസമയം ഇദ്‌ലിബിൽ സമാധാനം പുന:സ്ഥാപിക്കുന്നതിനെക്കുറിച്ച് എർദോഗനുമായി ഫോണിൽ സംസാരിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിൻ പറഞ്ഞു. നിലവിലെ റഷ്യതുർക്കി ധാരണ പൂർണ അർത്ഥത്തിൽ നടപ്പിലാക്കണമെന്ന് ബോധ്യപ്പെട്ടെന്നും പുടിൻ പറഞ്ഞു.
റഷ്യൻ സൈന്യത്തിന്റെ പിന്തുണയോടെ സിറിയൻ സൈന്യം ആഴ്ചകളായി രാജ്യത്തെ വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇദ്‌ലിബിൽ നിരന്തരം ആക്രമണങ്ങൾ നടത്തുകയാണ്. നൂറ് കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടെന്നാണ് യുഎന്നിന്റെ കണക്ക്. ഏഴ് ലക്ഷത്തോളം പേർ അവിടെ നിന്ന് പലായനം ചെയ്തു. നേരത്തെ 2018ൽ ഇദ്‌ലിബിൽ സാമാധാനം പുന:സ്ഥാപിക്കാൻ റഷ്യയും തുർക്കിയും തമ്മിൽ ധാരണയായിരുന്നു. എന്നാൽ സിറിയയും സഖ്യകക്ഷികളും ഈ ധാരണ നിരന്തരം ലംഘിച്ചു. ഇത് തുർക്കിയും റഷ്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു.
Story Highlights- Syria, Turkey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here