ത്രിരാഷ്ട്ര വനിതാ ടി-20: ബെത്ത് മൂണിക്ക് ഫിഫ്റ്റി; ഫൈനലിൽ ഇന്ത്യക്ക് 156 റൺസ് വിജയലക്ഷ്യം

ത്രിരാഷ്ട്ര വനിതാ ടി-20 ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 156 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസെടുത്തത്. 71 റൺസെടുത്ത് പുറത്താവാതെ നിന്ന ബെത്ത് മൂണിയാണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ദീപ്തി ശർമ്മ 2 വിക്കറ്റ് വീഴ്ത്തി.
സ്കോർ ബോർഡിൽ 4 റൺസുള്ളപ്പോൾ ഓസ്ട്രേലിയക്ക് എലിസ ഹീലിയെ നഷ്ടമായി. ഹീലിയെ ദീപ്തി ശർമ്മയുടെ പന്തിൽ തനിയ ഭാട്ടിയ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ ആഷ്ലി ഗാർഡ്നറും ബെത്ത് മൂണിയും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു. 24 പന്തുകളിൽ 26 റൺസെടുത്ത ആഷ്ലിയെ അരുന്ധതി റെഡ്ഡി രാജേശ്വരി ഗെയ്ക്ക്‌വാദിൻ്റെ കൈകളിൽ എത്തിച്ചു. മൂന്നാം വിക്കറ്റിൽ മെഗ് ലാനിംഗുമായി ചേർന്ന് ബെത്ത് മൂണിയുടെ 51 റൺസ് കൂട്ടുകെട്ട്. 19 പന്തുകളിൽ 26 റൺസെടുത്ത ലാനിംഗിനെ രാധ യാദവിൻ്റെ പന്തിൽ ഷഫാലി വർമ്മ പിടികൂടി. എലിസ് പെറി (1), അന്നബെൽ സതർലൻഡ് (7) എന്നിവർ വേഗം മടങ്ങി. പെറിയെ ഗെയ്‌ക്ക്‌വാദിൻ്റെ പന്തിൽ ദീപ്തി ശർമ്മ പിടിച്ചു പുറത്താക്കിയപ്പോൾ സതർലാൻഡിനെ ദീപ്തി ശർമ്മയുടെ പന്തിൽ തനിയ ഭാട്ടിയ സ്റ്റമ്പ് ചെയ്തു പുറത്താക്കി.
19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 136 എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ രാജേശ്വരി ഗെയ്ക്ക്‌വാദ് എറിഞ്ഞ അവസാന ഓവറിൽ റേച്ചൽ ഹെയിൻസും ബെത്ത് മൂണിയും ചേർന്ന് അടിച്ചു കൂട്ടിയത് 19 റൺസ്. 7 പന്തുകളിൽ 18 റൺസെടുത്ത ഹെയിൻസിനെ, ഗെയ്ക്ക്‌വാദ് ഹർമൻപ്രീത് കൗറിൻ്റെ കൈകളിൽ എത്തിച്ചുവെങ്കിലും 54 പന്തുകളിൽ 71 റൺസെടുത്ത മൂണി പുറത്താവാതെ നിന്നു. 9 ബൗണ്ടറികൾ അടങ്ങുന്നതാണ് മൂണിയുടെ ഇന്നിംഗ്സ്.
Story Highlights: India, Australiya, T-20, Womens Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here