‘ഗോലി മാരോ മുദ്രാവാക്യങ്ങൾ തിരിച്ചടിയായി’; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരിച്ച് അമിത് ഷാ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ കണക്കുകൂട്ടലുകൾ ഡൽഹിയിൽ പിഴച്ചു എന്ന് അമിത്ഷാ സമ്മതിച്ചു. ഗോലി മാരോ മുദ്രാവാക്യങ്ങൾ തിരിച്ചടിയായി എന്നും അദ്ദേഹം വ്യക്തമാക്കി. ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുക്കവേയാണ് ഷാ ഇത്തരം വിലയിരുത്തൽ നടത്തിയത്.

തെരഞ്ഞെടുപ്പിലുണ്ടായ തോൽവിക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞാണ് അമിത് ഷാ വിഷയത്തിൽ പ്രതികരിക്കുന്നത്. ‘ഗോലിമാരോ, ഇന്ത്യ- പാകിസ്ഥാന്‍ മാച്ച് ‘തുടങ്ങിയ പരാമര്‍ശങ്ങള്‍ ബിജെപിക്ക് തിരിച്ചടിയായി. പാർട്ടി നേതാക്കളുടെ വിദ്വേഷ പ്രസ്താവനകളും തിരിച്ചടിയായി. സി.എ.എ, എന്‍.ആര്‍.സി എന്നിവയുടെ വിലയിരുത്തലല്ല ജനവിധി. തെരഞ്ഞെടുപ്പ് ഫലത്തെയും ഷഹീൻ ബാഗിനെയും ബന്ധിപ്പിക്കരുതെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാന്‍ മാത്രമല്ല, ആശയങ്ങള്‍ ജനങ്ങളില്‍ പ്രചരിപ്പിക്കാന്‍ കൂടിയാണെന്നും ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അമിത് ഷാ പ്രതികരിച്ചു. ഇത്തരം പരാമർശങ്ങളിൽ നിന്ന് നേതാക്കൾ അകന്നു നിൽക്കണമെന്നും തെരഞ്ഞെടുപ്പിൽ തൻ്റെ കണക്കുകൂട്ടൽ പിഴച്ചു എന്നും ഷാ കൂട്ടിച്ചേർത്തു.

ഡൽഹി തെര‍ഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ പ്രചാരകനായിരുന്നു ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷാ. മണ്ഡലങ്ങളിൽ ആകെ 40 പൊതുയോഗങ്ങളും റോഡ് ഷോകളുമായി പ്രചരണത്തിൽ സജീവമായിരുന്നു അദ്ദേഹം. അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് , കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ എന്നിവരൊക്കെ ഷഹീൻബാഗ് സമരത്തെ കടന്നാക്രമിച്ചു കൊണ്ടാണ് പ്രചാരണ രംഗത്ത് സജീവമായത്. 270 എംപിമാരും 70 കേന്ദ്രമന്ത്രിമാരും സംസ്ഥാന നേതാക്കളും ഉള്‍പ്പടെ വമ്പൻ സന്നാഹങ്ങളാണ് ബിജെപി ഡൽഹി തെരഞ്ഞെടുപ്പിനായി ഒരുക്കിയത്, എന്നാൽ വെറും 8 സീറ്റുകൾ മാത്രമേ അവർക്ക് ലഭിച്ചുള്ളൂ.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിൻ്റെ റാലിയിലാണ് ഗോലി മാരോ മുദ്രാവാക്യങ്ങൾ ഉയർന്നത്. ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണിയല്ല, വെടിയുണ്ടയാണ് നല്‍കുക എന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

Story Highlights: Amit Shah, Delhi election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top