Advertisement

ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ബ്രിട്ടന്റെ പുതിയ ധനമന്ത്രി

February 14, 2020
Google News 2 minutes Read

ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനുമായ ഋഷി സുനക് ബ്രിട്ടന്റെ പുതിയ ധനമന്ത്രി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമായി തെറ്റി രാജിവച്ച പാക്ക് വംശജന്‍ സാജിദ് ജാവിദിന് പകരമാണ് നിയമനം. മൂര്‍ത്തിയുടെ മകള്‍ അക്ഷതയുടെ ഭര്‍ത്താവായ ഋഷി, ഇതുവരെ ട്രഷറി ചീഫ് സെക്രട്ടറിയായിരുന്നു.

നോര്‍ത്ത് യോര്‍ക്ഷറിലെ റിച്ച്മണ്ടില്‍ നിന്നുളള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഋഷി. തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രിയായിരുന്നു. ബോറിസ് ജോണ്‍സന്റെ അടുപ്പക്കാരനായ ഋഷി സുനക് ബ്രെക്സിറ്റിനായുള്ള പ്രചാരണത്തില്‍ മുന്‍പന്തിയിലായിരുന്നു. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബോറിസ് ജോണ്‍സന്റെ പ്രധാന പ്രചാരണ ചുമതലകളും സനകിനായിരുന്നു. 2015 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടിരിക്കുന്നത്. സാജിദ് ജാവേദിന്റെ കീഴില്‍ പൊതുവ്യയത്തിന്റെ ചുമതലയും സുനക് വഹിച്ചിരുന്നു.

പഞ്ചാബില്‍ വേരുകളുള്ള ഇന്ത്യന്‍ ഡോക്ടറുടെ മകനായി 1980ല്‍ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി ജനിച്ചത്. 2015ല്‍ യോര്‍ക്ക്ഷയറിലെ റിച്ച്മോണ്ടില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം കഴിച്ചത്.  അതേസമയം ബോറിസ് ജോണ്‍സന്റെ പുതിയ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജ പ്രീതി പട്ടേല്‍ ആഭ്യന്തരമന്ത്രി സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ വംശജന്‍ ആലോക് ശര്‍മ ബിസിനസ് സെക്രട്ടറിയായി.

 

Story Highlights- Indian-born Rishi Sunak is Britain’s new finance minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here