കരിപ്പൂർ വിമാനത്താവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്തവളത്തിൽ വിദേശത്തുനിന്നെത്തിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു. കാസർകോട് സ്വദേശികളായ രണ്ടുപേരെയാണ് തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. കരിപ്പൂരിൽ ഒരുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടു പോകലാണിത്. ആളു മാറി തട്ടിക്കൊണ്ടു പോയതാണെന്നാണ് വിവരം.

പുർച്ചെ മൂന്ന് മണിക്ക് എയർഇന്ത്യ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർകോട് ഉദുമ സ്വദേശി സന്തോഷ്, അബ്ദുൾ സത്താർ എന്നിവരാണ് കൊള്ളസംഘത്തിൻ്റെ പിടിയിലായത്. വിമാനമിറങ്ങി ഓട്ടോയിൽ കോഴിക്കോട്ടേക്ക് പോകും വഴി കാറിലെത്തിയ മൂന്നു പേർ തടഞ്ഞു നിർത്തുകയായിരുന്നു. കസ്റ്റംസുകാരെന്ന വ്യാജേന കാറിൽ കയറ്റി താനൂർ കടപ്പുറത്തേക്ക് കൊണ്ടുപോയി. ക്രൂരമായി മർദിച്ച് വസ്ത്രമുരിഞ്ഞു. കടത്തിക്കൊണ്ടുവന്ന സ്വർണമെവിടെയെന്ന് ചോദിച്ചായിരുന്നു മർദനം. പിന്നീട് കൈയിലുണ്ടായിരുന്ന ഇരുപത്തിമൂവായിരം രൂപയും മൂന്നര പവൻ്റെ ആഭരണങ്ങളും തട്ടിയെടുത്ത് ചേളാരിയിൽ ഇറക്കിവിടുകയായിരുന്നു.

സ്വർണ്ണ കള്ളക്കടത്തുകാരിൽ നിന്ന് വിവരം ചോർത്തി അവരെ കൊള്ളയടിക്കുന്ന സംഘമാണ് ഈ സംഭവത്തിനും പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം. സമാനരീതിയിൽ ദക്ഷിണ കന്നട സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പരപ്പനങ്ങാടി ചെറമംഗലം സ്വദേശി റഷീദാണ് പിടിയിലായത്. ഇയാളിൽ നിന്ന് കൊള്ള സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതായും കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ദക്ഷിണ കന്നട സ്വദേശി അബ്ദുൾ നാസർ ഷംസാദിനെയാണ് കഴിഞ്ഞ ദിവസം കവർച്ചയ്ക്കിരയാക്കിയത്. ഇയാളെയും ആളുമാറിയാണ് തട്ടിക്കൊണ്ടു പോയത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ ക്രൂയിസർ ജീപ്പിലും ബൈക്കിലുമായി കവർച്ചാ സംഘം പിന്തുടർന്നെത്തുകയായിരുന്നു. കൊണ്ടോട്ടിക്കടുത്ത് വച്ച് വാഹനം തടഞ്ഞിട്ടു. മുഖത്ത് പെപ്പർ സ്‌പ്രേ അടിച്ച് വാഹനത്തിൽ കയറ്റി കണ്ണുമൂടിക്കെട്ടി. കടലുണ്ടി പുഴയുടെ തീരത്തുള്ള ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി. കൈയിലുണ്ടായിരുന്ന പഴ്‌സും, രേഖകളും ലഗേജും കൊള്ളസംഘം കൈക്കലാക്കി. കടത്തിക്കൊണ്ടുവന്ന സ്വർണം എവിടെ എന്നു ചോദിച്ചായിരുന്നു മർദ്ദനം. മണിക്കൂറുകൾ നീണ്ട അതിക്രൂര മർദനമുറകൾക്ക് ശേഷം കാലിക്കറ്റ് സർവകലാശക്കടുത്ത് ചെട്ടിയാർമാടിൽ ഇറക്കി വിടുകയായിരുന്നു.

Story Highlights: Karipur Airport, Kidnap, Robbery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top