മലയാളം സർവകലാശാലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; ബജറ്റിലും അവഗണന; പ്രതിഷേധവുമായി അധ്യാപകർ

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയെ സംസ്ഥാന ബജറ്റിൽ അവഗണിച്ചതിനെതിരെ പ്രതിഷേധവുമായി അധ്യാപകർ. നിലവിൽ ഉണ്ടായിരുന്ന പദ്ധതി വിഹിതം പോലും വെട്ടിക്കുറച്ച പശ്ചാത്തലത്തിലായിരുന്നു വൈസ് ചാൻസലർ കാര്യാലയത്തിന് മുന്നിൽ അധ്യാപകരുടെ ധർണ.
സാമ്പത്തിക പ്രതിസന്ധി മൂലം മലയാളം സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വർഷത്തെ നോൺ പ്ലാൻ ഫണ്ട് ഫെബ്രുവരിയോടെ തീർന്നു. ബജറ്റ് വിഹിതം ലഭിക്കുക അടുത്ത അധ്യയന വർഷം മാത്രമാണ്. ഇതോടെ സർവകലാശാലയിലെ 28 സ്ഥിരം അധ്യാപകർക്കും എൺപതോളം വരുന്ന താത്ക്കാലിക ജീവനക്കാർക്കും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്. അക്കാദമിക് പ്രവർത്തനങ്ങളും അവതാളത്തിലാകുമെന്നതിനാൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ അനുമതി ലഭിക്കാത്തതിനാൽ കേന്ദ്ര സർക്കാരിന്റെ ഫണ്ടുകളും സർവകലാശാലയ്ക്ക് ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. അക്രഡിറ്റേഷന് വേണ്ടിയുള്ള ഊർജിത പ്രവർത്തനങ്ങളെ ധനകമ്മി ബാധിക്കുമെന്ന് അധ്യാപകർ പറയുന്നു. സർവകലാശാലയിലെ അധ്യാപകരും, ജീവനക്കാരും, വിദ്യാർത്ഥികളും ഒപ്പിട്ട ഭീമ ഹർജിയും വൈസ് ചാൻസലർക്ക് സമർപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here