പൊലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്രം ഇടപെടും: കേന്ദ്രമന്ത്രി വി മുരളീധരന്‍

പൊലീസിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഇടപെടുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡിജിപിയുടെ വിദേശ യാത്രയിലും ഇടപെടല്‍ ഉണ്ടാകും. സംസ്ഥാന പൊലീസിനെതിരായ സിഎജി കണ്ടെത്തലുകള്‍ അതീവ ഗൗരവമുള്ളതാണ്. മാവോയിസ്റ്റ് ആക്രമണം അവസാനിപ്പിക്കാന്‍ കേന്ദ്രം നല്‍കിയ പണം കൂടിയാണ് വകമാറ്റിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ടുള്ള വിഷയമാണിത്. മാവോയിസ്റ്റ് ആക്രമണം അവസാനിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്രം നല്‍കിയ പണമാണ് വകമാറ്റി ചെലവഴിച്ചത്. 12,000 വെടിയുണ്ടകള്‍ കാണാതെ പോയി എന്നതില്‍ തൃപ്തികരമായ വിശദീകരണം പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല. മന്ത്രിയുടെ ഗണ്‍മാനടക്കം വെടിയുണ്ടകള്‍ കാണാതായതില്‍ ബന്ധമുണ്ടായിട്ടും നടപടികളുണ്ടായില്ല.
ഈ സാഹചര്യത്തില്‍ വിഷയം കേന്ദ്ര ആഭ്യന്തര വകുപ്പ് വിശദമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വിദേശ യാത്രയിലും സംശയങ്ങളുണ്ട്. വിവാദ കമ്പനിക്ക് യുകെയുമായും ബന്ധമുള്ള സാഹചര്യത്തില്‍ ഡിജിപിയുടെ യാത്ര പരിശോധിക്കണം. ഡിജിപിയുടെ വിദേശ യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി ഉണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: CAG report, V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here