Advertisement

പാലാരിവട്ടം പാലം അഴിമതിക്കേസ്; ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ല

February 15, 2020
1 minute Read

പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ഇന്നുണ്ടാകില്ല. നിയമോപദേശത്തിന് ശേഷമായിരിക്കും അറസ്റ്റ് എന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തതിന് ശേഷം എജിയ്ക്ക് കൈമാറാനാണ് തീരുമാനം. അറസ്റ്റിന് തിടുക്കം വേണ്ടെന്നാണ് വിജിലൻസ് തീരുമാനമെന്നാണ് വിവരം.

പൂജപ്പുരയിലെ സ്പെഷ്യൽ യൂണിറ്റ് മുമ്പാകെ 11 മണിക്ക് ഹാജരാകണമെന്നാണ് മുൻമന്ത്രിക്കുള്ള നിർദേശം. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

Read Also: പാലാരിവട്ടം പാലത്തിന്റെ ഭാര പരിശോധന; സുപ്രിംകോടതി തീരുമാനം അംഗീകരിക്കുമെന്ന് മന്ത്രി ജി സുധാകരൻ

വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താൻ ഗവർണറുടെ അനുമതി ലഭിച്ചതോടെയാണ് ചോദ്യം ചെയ്യലിന് അവസരമൊരുങ്ങിയത്. പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ നിർമാണക്കരാർ കിട്ടിയ കമ്പനിയായ ആർഡിഎസ് പ്രോജക്ടിന് അനുവദിച്ചതിലും, അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പ്രി ബിഡ് യോഗ തീരുമാനത്തിന് വിരുദ്ധമായി തുക മുൻകൂർ അനുവദിച്ചത് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിന്റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. മന്ത്രിയായിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ട 140 രേഖകൾ അഴിമതിക്ക് തെളിവായി വിജിലൻസിന് ലഭിച്ചിട്ടുണ്ട്.

പാലം നിർമ്മാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റോഡ് ഫണ്ട് ബോർഡിന്റെയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെയും ഫയലുകൾ മന്ത്രി കണ്ടിരുന്നു. ഒപ്പം സുപ്രധാന തീരുമാനങ്ങളുടെ മിനിറ്റ്സിൽ മന്ത്രിയുടെ ഒപ്പുമുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

 

palarivattam bridge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top