സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള റെയ്ഡ് തുടരുന്നു

സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള റെയ്ഡ് തുടരുന്നു. നിയമലംഘനം കണ്ടെത്തിയ നിരവധി സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. സൗദി വത്കരണത്തിന്റെ ഭാഗമായാണ് പരിശോധന. വ്യാപാര സ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താനാണ് സൗദി തൊഴില്‍ മന്ത്രാലയം അപ്രതീക്ഷിത റെയ്ഡ് നടത്തുന്നത്.
മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് കഴിഞ്ഞയാഴ്ച റിയാദ് പ്രവിശ്യയില്‍ മന്ത്രാലയം നടത്തിയ പരിശോധനയില്‍ 411 നിയമലംഘനങ്ങള്‍ കണ്ടെത്തി. ഖര്‍ജ്, അഫ്‌ലാജ്, വാദി ദവാസിര്‍, സുല്‍ഫി, ഗാത്, മജ്മ, സഖ്ര, മുസാമിയ, ദവാദ്മി, സലീല്‍, അഫീഫ്, ഖുവയ്യ, ബനീ തമീം, സുദൈര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ഇതിന് പുറമെ അല്‍ റൗദ നഗരസഭയുമായി ചേര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഷോപ്പിംഗ് മാളിലുള്ള 140 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ നിയമലംഘനം കണ്ടെത്തിയ 35 കടകള്‍ അടച്ചു പൂട്ടി.
മേഖലയില്‍ 2594 പരിശോധനകള്‍ ഇതുവരെ പൂര്‍ത്തിയാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങളിലെ സൗദിവത്കരണവും വനിതാവത്കരണവുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന് പുറമെ ലേബര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയ ജോലിയാണോ ചെയ്യുന്നത്, വിദേശ തൊഴിലാളികള്‍ സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ഉള്ളവരാണോ തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളില്‍ തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ വഴിയോ 19911 എന്ന നമ്പറില്‍ വിളിച്ചോ അറിയിക്കണമെന്ന് മന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here