Advertisement

ദിശാസൂചകങ്ങളായി സോനുവിന്റെയും നികേഷിന്റെയും നിയമ പോരാട്ടം

February 15, 2020
1 minute Read

/- യു പ്രദീപ്

കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനുവും നികേഷും കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലുള്ള ജുഡീഷ്യറിയുടെ ഇടപെടല്‍ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാജ്യത്തെ നിയമ വിദഗ്ധര്‍. 1954 ലെ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് വിഭാവനം ചെയ്യുന്ന മിശ്ര വിവാഹ സാധൂകരണ നിയമത്തിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് സ്വവര്‍ഗാനുരാഗികളായ ഈ ദമ്പതികള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

സമൂഹത്തില്‍ സമഗ്ര മാറ്റത്തിനും, വ്യക്തി സ്വാതന്ത്ര്യവും സ്വകാര്യതയും കാത്തു സൂക്ഷിക്കുന്നതിനും, സഹായകരമായ നിയമ ഇടപെടലായാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റിനെ പൊതു സമൂഹം വിലയിരുത്തുന്നത്. പ്രണയം, ലൈംഗീകത, വിവാഹം തുടങ്ങിയ സെന്‍സിറ്റീവ് വിഷയങ്ങളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സുപ്രിംകോടതി കൈക്കൊള്ളുന്ന നിലപാടുകള്‍ വ്യക്തി സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളതാണെന്ന ആശ്വാസകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്.

2018 ലെ ഷഫീന്‍ ജഹാന്‍ കേസിലും ശക്തി വാഹിനി കേസിലും ഒടുവില്‍ നവതേജ് ജോഹര്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിലും വിപ്ലവകരമായ ഇടപെടലാണ് സുപ്രിംകോടതി നടത്തിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് പ്രാബല്യത്തില്‍ വരുത്തിയ ഇന്ത്യന്‍ പീനല്‍കോഡിലെ 377 ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വരെ ഈ കേസില്‍ സുപ്രിംകോടതി വിധിച്ചു.

Read Also: സ്വവർഗ വിവാഹം നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ

പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധങ്ങള്‍ നിയമവിരുദ്ധമാണെന്ന വകുപ്പില്‍ നിന്ന് സ്വവര്‍ഗാനുരാഗികളെ ഒഴിവാക്കിക്കൊണ്ടാണ് നവതേജ് ജോഹറിന് അനുകൂലമായി കോടതി ഉത്തരവിട്ടത്. സ്വവര്‍ഗാനുരാഗത്തെയും എല്‍ജിബിടിക്യു വിഭാഗത്തിന്റെ സ്വകാര്യതയെയും പരിപൂര്‍ണമായി അംഗീകരിക്കുക മാത്രമല്ല; ഭരണഘടനയുടെ 14, 19, 21 അനുച്ഛേദങ്ങള്‍ അനുവദിക്കുന്ന എല്ലാ അവകാശങ്ങള്‍ക്കും ഇക്കൂട്ടര്‍ അര്‍ഹരാണെന്നും സുപ്രിംകോടതി വിധിച്ചു.

ഈ സാഹചര്യത്തിലാണ് തങ്ങളുടെ വിവാഹം നിയമ വിധേയമാക്കിത്തരണം എന്ന് ആവശ്യപ്പെട്ട് സ്വവര്‍ഗ ദമ്പതികളായ സോനുവും നികേഷും കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സമൂഹത്തില്‍ ന്യായമായ അംഗീകാരം ലഭിക്കണമെങ്കില്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തേ തീരു എന്നാണ് ഇവര്‍ വാദിക്കുന്നത്. നിയമം അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ക്കും വിവാഹ രജിസ്‌ട്രേഷന്‍ അനിവാര്യമാണ്.

ഭാവിയില്‍ ഡിവോഴ്‌സ് ചെയ്യണമെങ്കിലോ, ഒരാളുടെ മരണശേഷം സ്വത്തിന്റെ അവകാശം കൂട്ടാളിക്ക് ലഭിക്കണമെങ്കിലോ, വിവാഹം നിയമ വിധേയമാക്കേണ്ടതുണ്ട്. ചുരുക്കത്തില്‍, സോനുവും നികേഷും ആവശ്യപ്പെടുന്നത്, നവതേജ് ജോഹര്‍ കേസിലെ സുപ്രിംകോടതി വിധിയുടെ കൂടുതല്‍ വ്യക്തതയാര്‍ന്ന എക്സ്റ്റന്‍ഷന്‍ മാത്രമാണ്. സോഷ്യല്‍ ലെജിറ്റിമസിയുടെയും കുടുംബ സ്ഥൈര്യതയുടെയും നാഴികക്കല്ലായി വിവാഹത്തെ നോക്കി കാണുന്ന ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ഇവരുടെ ആവശ്യം ന്യായമെന്നല്ലാതെ മറ്റെന്ത് പറയാന്‍..?

ആവശ്യത്തിലധികം ഹോമോഫോബിയ കൊണ്ടുനടക്കുന്ന കേരള സമൂഹത്തില്‍ പുതിയൊരു കാഴ്ചപ്പാടിന് തുടക്കമിടാന്‍ കേരള ഹൈക്കോടതിക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണ് സോനുവിന്റെയും നികേഷിന്റെയും കേസ്. പ്രത്യുത്പാദന ശേഷി ഉണ്ടോ, കുഞ്ഞുങ്ങളെ പോറ്റാനുള്ള മനസ് ഉണ്ടോ, തുടങ്ങിയ കേവല പരിഗണനകള്‍ക്ക് അപ്പുറത്ത്, സ്‌നേഹവും കരുതലും സാമൂഹ്യ സുരക്ഷയും സ്വകാര്യതയ്ക്കുള്ള അംഗീകാരവും ഒക്കെയല്ലേ, വിവാഹം ലെജിറ്റിമൈസ് ചെയ്യുക വഴി ഉറപ്പുവരുത്തേണ്ടത്.?

നിയതമായ കെട്ടുപാടുകള്‍ക്ക് അപ്പുറം, ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടായ ഹെറ്ററോനോമാര്‍റ്റീവ് പ്രവണതയെ തള്ളിക്കളയാനുള്ള സമയം അതിക്രമിച്ചെന്ന യാഥാര്‍ത്ഥ്യം ഇന്ത്യന്‍ ജുഡീഷ്യറി തിരിച്ചറിഞ്ഞു കഴിഞ്ഞു. യഥാര്‍ത്ഥ പ്രണയത്തിനും ലോജിക്കിനുമാണ് പൊതു സമൂഹം മുന്‍ഗണന കൊടുക്കേണ്ടത്. അതില്‍ വ്യക്തത വരുത്താനുള്ള സൂചകങ്ങളായി സോനുവിന്റെയും നികേഷിന്റെയും ഇടപെടല്‍ കാരണമാകട്ടെ എന്ന് നമുക്ക് ആശിക്കാം.

Story Highlights: gay marriage,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top