മലയാളിയായ മുസ്ലിം യുവാവ് അമ്പലത്തിൽ കയറി പൂജാരിയെ കൊല്ലാൻ ശ്രമിച്ചോ?; പ്രചരിക്കുന്നത് വ്യാജ വാർത്ത

വ്യാജ വാർത്തകൾക്ക് ഒട്ടും കുറവില്ല. പലരും പല തരത്തിൽ പല ഉദ്ദേശ്യങ്ങളിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന വാർത്തകളാണ് ഏറെ അപകടകരം. കേരളത്തിലെ ഒരു അമ്പലത്തിൽ ഒരു മുസ്ലിം യുവാവ് അതിക്രമിച്ചു കയറി പൂജാരിയെ കൊല്ലാൻ ശ്രമിച്ചു എന്നാണ് ഇത്തരത്തിലുള്ള മറ്റൊരു പ്രചാരണം.
26 സെക്കൻഡുകൾ മാത്രമുള്ള വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രചാരണം. “അങ്ങനെ ചെയ്യുന്നതിൽ നിന്ന് അയാളെ തടഞ്ഞപ്പോൾ അയാൾ ‘ആരതി’ എറിയാൻ ശ്രമിച്ചു. പൂജാരി മന്ത്രങ്ങൾ ഉച്ചരിക്കുന്നതു കൊണ്ട് അയാൾ വിഗ്രഹങ്ങൾ തകർക്കാൻ ശ്രമിച്ചു. പൂജ ചെയ്യരുതെന്ന് പൂജാരിയോട് മുസ്ലിങ്ങൾ പറയാറുണ്ടായിരുന്നു.”- വീഡിയോയുടെ കുറിപ്പിൽ പറയുന്നു. തീർന്നിട്ടില്ല. വിഭജന സമയത്ത് 4 കോടി ആയിരുന്ന മുസ്ലിങ്ങൾ ഇപ്പോൾ 30 കോടി ആയെന്നും ക്ഷേത്രത്തിലെ പൂജാരിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്ന അവർ വൈകാതെ വീടുകളിൽ കയറി മുസ്ലിങ്ങളെ കൊല്ലുമെന്നും അടിക്കുറിപ്പിൽ പറയുന്നു. ജിതേന്ദ്ര വിക്രം എന്നയാൾ പങ്കു വെച്ച വീഡിയൊ വൈറലായി.
ഈ ജിതേന്ദ്ര തൻ്റെ അക്കൗണ്ടിൽ ലക്നൗ കോടതിയിലെ ക്ലർക്കാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ട്വിറ്ററിൽ മുസ്ലിം യുവാവ് അമ്പലത്തിൽ കയറി എന്ന അടിക്കുറിപ്പോടെ ഈ വീഡിയോയുടെ ദൈർഘ്യം കൂടിയ വേർഷനും പ്രത്യക്ഷപ്പെട്ടു.
In kolar temple,
Muslim enters sanctum in a holy Hanuman temple with a slipper, inspite of resistance from devotee’s .
It’s not long before they forcibly enter our homes……
WAKE UP……It’s for all Indian’s……#UniformCivilCode#DelhiResults pic.twitter.com/9iknpC3gL3
— Dr. Gouri Shankar ?? (@Gracious_Gouri) February 10, 2020
ഇനി ഈ വീഡിയോയുടെ സത്യം. വീഡിയോ കേരളത്തിലേതല്ല. കർണാടകയിലെ കോളാറിൽ നിന്നുള്ളതാണ്. വീഡിയോയിൽ കാണുന്ന യുവാവ് സിക്കന്ദർ ബെഗ് എന്നയാളാണെന്ന് കോളാർ എസ്പി കാർത്തിക് റെഡ്ഡി പറഞ്ഞുവെന്ന് ദി ക്വിൻ്റ് റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ഇയാളുടെ മാനസിക നില തകരാറിലാണെന്നും കാർത്തിക് റെഡ്ഡി പറഞ്ഞു. പൂജാരിയെ കൊല്ലാനാണ് അമ്പലത്തിൽ കയറിയതെന്ന അവകാശവാദവും അദ്ദേഹം തള്ളി.
കന്നഡ ഓൺലൈൻ മാധ്യമമായ പ്രജാവനിയുടെ റിപ്പോർട്ട് പ്രകാരം ഇയാൾ ചെരുപ്പിട്ട് അമ്പലത്തിൽ കയറി അവിടെ കിടക്കാൻ ശ്രമിച്ചു. പൂജാരി ഉൾപ്പെടെയുള്ളവർ ഇയാളെ പുറത്താക്കാൻ ശ്രമം നടത്തി. അത് വിജയിക്കാതിരുന്നതോടെ അയാളെ തല്ലിച്ചതച്ച് അവർ പൊലീസിനു കൈമാറി. ഇയാളുടെ ബൈക്ക് അവർ കത്തിക്കുകയും ചെയ്തു. ഇപ്പോൾ, മാനസിക വിഭ്രാന്തിയുള്ള ഇയാൾ നിംഹാൻസിൽ ചികിത്സയിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here