എൺപത്തിരണ്ടാം വയസിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് എൻ രാമചന്ദ്രൻ

എൺപത്തിരണ്ടാം വയസിൽ അഭിഭാഷക ജോലിയിലേക്ക് എൻറോൾ ചെയ്തിരിക്കുകയാണ് കോഴിക്കോട് ചാലപ്പുറം സ്വദേശി എൻ രാമചന്ദ്രൻ. 52 വർഷം മുൻപ് നിയമപഠനം പൂർത്തിയാക്കിയെങ്കിലും രാമചന്ദ്രന് അഭിഭാഷകനായി എൻറോൾ ചെയ്യാനുള്ള സാഹചര്യം ഒരുങ്ങിയത് ഇപ്പോഴാണ്.
റിട്ടയർമെന്റ് ജീവിതത്തിനിടയിലാണ് അഭിഭാഷകനായി തൊഴിൽ എടുക്കണമെന്ന മോഹം വീണ്ടും രാമചന്ദ്രനുണ്ടാകുന്നത്. ഒപ്പം കുടുംബവും പിന്തുണച്ചു. ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്തെ 305 അഭിഭാഷകർക്കൊപ്പം എൻ രാമചന്ദ്രനും എൻറോൾ ചെയ്തു. 1968 ൽ എറണാകുളം ലോ കോളജിൽ നിന്നും ബി എൽ പാസായി ഉടനെ രാമചന്ദ്രന് സർക്കാർ ജോലി കിട്ടി. സർക്കാർ ജോലി ഉപേക്ഷിക്കേണ്ടി വരുമെന്നതിനാൽ അഭിഭാഷകനായി എൻറോൾ ചെയ്തിരുന്നില്ല.
82-ാം വയസിന്റെ നിശ്ചയദാർഢ്യത്തിൽ കോഴിക്കോട്ടുകാരൻ എൻ രാമചന്ദ്രൻ ഇനി അഡ്വ.എൻ രാമചന്ദ്രനാണ്. വാക്കുകളിൽ 52 വർഷം മുൻപത്തെ നിയമവിദ്യാർത്ഥിയുടെ ചുറുചുറുക്ക്. സഹകരണസംഘം ജോയിന്റ് രജിസ്റ്ററായാണ് രാമചന്ദ്രൻ വിരമിച്ചത്. കറുത്ത ഗൗണ്‍ അണിഞ്ഞ് കോഴിക്കോട്ടെ കോടതിമുറികളിൽ തന്നെ കാണാമെന്ന് നിറഞ്ഞ ചിരിയോടെ രാമചന്ദ്രൻ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here