ഫേസ്ബുക്കിലെ ജനപ്രീതിയിൽ ഒന്നാമൻ തനാണെന്ന സുക്കർബർഗിന്റെ പ്രസ്താവന വലിയ ബഹുമതിയാണെന്ന് ട്രംപ്

ഫേസ്ബുക്കിലെ ജനപ്രീതിയിൽ താനാണ് ഒന്നാമതെന്ന മാർക്ക് സുക്കർബർഗിന്റെ പ്രസ്താവന വലിയ ബഹുമതിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫേസ്ബുക്കിലെ ജനപ്രീതിയിൽ രണ്ടാമൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ഇന്ത്യാ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ഫേസ്ബുക്കിൽ ഡോണാൾഡ് ട്രംപ് ഒന്നാം സ്ഥാനത്താണെന്ന് മാർക്ക് സുക്കർബർഗ് അടുത്തിടെ പറയുകയുണ്ടായി. അത് വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ഫേസ്ബുക്കിൽ രണ്ടാമൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ, രണ്ടാഴ്ചക്കുള്ളിൽ ഞാൻ ഇന്ത്യയിലേക്ക് പോവുകയാണ്. അതിനായി കാത്തിരിക്കുന്നു എന്നാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്.
ഫേസ്ബുക്കിലെ ഒന്നാമൻ താനും രണ്ടാമൻ മോദിയുമാണെന്ന് ട്രംപ് അവകാശപ്പെടുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ മാസം ദാവോസിൽ ലോക സാമ്പത്തിക ഫോറം നടക്കുന്നതിനിടെ സിഎൻബിസി ടെലിവിഷന് നൽകിയ അഭിമുഖത്തിലും ട്രംപ് ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. ‘ഞാനാണ് ഫേസ്ബുക്കിലെ ഒന്നാമൻ. രണ്ടാമൻ ആരാണെന്ന് നിങ്ങൾക്കറിയാമോ? ഇന്ത്യയിൽ നിന്നുള്ള മോദിയാണത്’ എന്നായിരുന്നു ട്രംപ് അന്ന് അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
ആദ്യ ഇന്ത്യാ സന്ദർശനത്തിനായി ഈ മാസം 24-നാണ് ഡോണൾഡ് ട്രംപ് എത്തുക. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഗുജറാത്തിലെ അഹമ്മദാബാദിൽ ട്രംപ് നരേന്ദ്രമോദിക്കൊപ്പം ഒരു പൊതുപരിപാടിയിലും പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here