തോക്കുകൾ കാണാതായ സംഭവം; ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു; റൈഫിളുകൾ സുരക്ഷിതമെന്ന് ടോമിൻ ജെ തച്ചങ്കേരി

പൊലീസിന്റെ തോക്കുകൾ കാണാതായ സംഭവത്തിൽ പരിശോധന ആരംഭിച്ചു. എസ്എപി ക്യാമ്പിലെ ഇൻസാസ് റൈഫിളുകളാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കേരിയും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. മണിപ്പൂരിൽ കൊണ്ടുപോയ 13 റൈഫളുകൾ ഒഴികെ എല്ലാ ഇൻസാസ് റൈഫിളുകളും ക്യാമ്പിൽ സുരക്ഷിതമെന്ന പ്രാഥമിക നിഗമനത്തിലെത്തിയെന്ന് ടോമിൻ ജെ തച്ചങ്കേരി വ്യക്തമാക്കി.
പോരൂർക്കട എസ്എപി ക്യാമ്പിലാണ് പരിശോധന നടക്കുന്നത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കേരി, ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്.
പൊലീസിനെ അടക്കം പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു റൈഫിളുകൾ നഷ്ടമായി എന്ന സിഎജി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ബെറ്റാലിയനുകൾക്കും ഡ്യുട്ടിക്കായും നൽകിയിരുന്ന തോക്കുകൾ എസ്എപി ക്യാമ്പിൽ തിരികെ എത്തിച്ചാണ് പരിശോധന നടത്തുന്നത്. ആകെയുള്ള 660 തോക്കുകളിൽ മണിപ്പൂരിൽ ഡ്യൂട്ടിക്ക് കൊണ്ട് പോയിരിക്കുന്ന 13 തോക്കുകളൊഴികെ ബാക്കിയുള്ളവ ക്യാമ്പിൽ തിരികെ എത്തിച്ചിട്ടുണ്ട്.
സിഎജി റിപ്പോർട്ട് അനുസരിച്ച് 25 ഇൻസാസ് റൈഫിളുകൾ ക്യാമ്പിൽ നിന്ന് കാണാതായിട്ടുണ്ടെന്നാണ്. മുൻപ് പൊലീസിന്റെ ഇന്റേണൽ റിപ്പോർട്ടിൽ സിഎജി പരിശോധനകൾ നടക്കുന്ന സമയത്ത് തോക്കുകൾ ഉണ്ടായിരുന്നതായും എന്നാൽ, തോക്കുകൾ കൈമാറുന്നതിൽ സംഭവിച്ച വീഴ്ചയാണ് വിവാദങ്ങൾക്ക് കാരണമെന്നും തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് വിശദീകരിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവിയും ഇത് തന്നെയാണ് ഇക്കാര്യത്തിൽ പ്രതികരിച്ചത്.
അതേസമയം, വെടിയുണ്ടകളെ കുറിച്ചും റൗണ്ടുകളെക്കുറിച്ചുമുള്ള കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് ടോമിൻ ജെ തച്ചങ്കേരി വ്യക്തമാക്കി. മാത്രമല്ല, മറ്റ് കേസുകൾ അധികമായതിനാലാണ് ഇത് സംബന്ധിച്ച കാലതാമസം അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഉടൻ തന്നെ കേസിൽ കുറ്റപ്തരം സമർപ്പിക്കുമെന്നും പ്രതിസ്ഥാനത്തുള്ള ഉന്നത പദവി വഹിക്കുന്നവരുടെ നേരെയും അന്വേഷണമുണ്ടാകുമെന്നും ക്രൈംബ്രാഞ്ചിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോട്ടയത്തെ റൈഫിൽ ക്ലബ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത് ക്രൈംബ്രാഞ്ചിനോടുള്ള വിശ്വാസ്യതമൂലമാണെന്നും ടോമിൻ ജെ തച്ചങ്കരി വ്യക്തമാക്കി.
Story highlight: SAP camp peroorkada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here