പൊലീസ് യൂണിഫോമിൽ ഘടിപ്പിക്കുന്ന ക്യാമറകൾ വാങ്ങിയതിൽ വൻ ക്രമക്കേട്; റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന്

പൊലീസ് വകുപ്പിലെ ക്രമക്കേടുകൾ തുടർക്കഥയാകുന്നു. പൊലീസ് യൂണിഫോമിൽ ഘടിപ്പിക്കുന്ന ക്യാമറകൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നതായാണ് പുതിയ കണ്ടെത്തൽ.
പൊലീസ് യൂണിഫോമിൽ ഘടിപ്പിക്കുന്ന ക്യാമറകൾക്ക് 30 ലക്ഷം നൽകിയത് ടെൻഡർ ഇല്ലാതെയാണ്. ഡിജിപിയെ കണ്ട കമ്പനിക്ക് ടെൻഡർ നൽകി. ടെൻഡർ ഒഴിവാക്കിയെന്ന ബെഹ്‌റയുടെ തീരുമാനത്തിന് സർക്കാർ പിന്തുണ ലഭിച്ചു. ടെൻഡർ നൽകിയ ഉത്തരവിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ഇതോടെ പൊലീസ് നവീകരണ ഫണ്ട് ദുർവിനിയോഗത്തിനും അഴിമതിക്കും സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമാവുകയാണ്.
നേരത്തെ ഡിജിപിയുടെ ചട്ട ലംഘനത്തിന് സർക്കാർ കൂട്ടു നിന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തു വന്നിരുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിലാണ് ചട്ടലംഘനം നടന്നത്. ടെൻഡർ വിളിക്കാതെ മുൻകൂർ പണം നൽകിയായിരുന്നു ഇടപാട്. ഡിജിപിയുടെ നടപടികൾക്ക് സർക്കാർ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പും ട്വന്റിഫോറിന് ലഭിച്ചിരുന്നു.
പൊലീസ് സേനയ്ക്കായി ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയ ഇടപാടിൽ ചട്ടലംഘനം നടന്നുവെന്ന് സിഎജി റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഒരു കോടി പത്ത് ലക്ഷം രൂപ മുടക്കിയാണ് 2017 ൽ രണ്ട് ബുള്ളറ്റ് പ്രൂഫ് പജേറോ വാങ്ങിയത്. ഓപ്പൺ ടെണ്ടർ വിളിക്കാതെയാണ് ഹിന്ദുസ്ഥാൻ മോട്ടേഴ്‌സ് കോർപറേഷൻ ലിമിറ്റഡിന് കരാർ നൽകിയതെന്ന് ഈ ഉത്തരവിൽ തന്നെ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here