പൃഥ്വി ഷായും മായങ്ക് അഗർവാളും ഋഷഭ് പന്തും ഫോമിൽ; ടെസ്റ്റ് ടീമിൽ ഗില്ലിന് ഇടം ലഭിച്ചേക്കില്ല

ന്യുസീലൻ്റിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിൽ യുവതാരം ശുഭ്മൻ ഗില്ലിന് ഇടം ലഭിച്ചേക്കില്ല. ഓപ്പണിംഗ് പൊസിഷനിലേക്ക് പരിഗണിച്ചിരുന്ന താരത്തിന് ന്യുസീലൻ്റ് ഇലവനെതിരായ പരിശീലന മത്സരത്തിൻ്റെ രണ്ട് ഇന്നിംഗ്സുകളിലും മികച്ച പ്രകടനം നടത്താൻ സാധിക്കാതിരുന്നതോടെയാണ് ഫൈനൽ ഇലവനിലേക്കുള്ള സാധ്യത അടഞ്ഞത്. അതേ സമയം, ഗില്ലിനൊപ്പം ഓപ്പണിംഗ് പൊസിഷനിലേക്ക് പരിഗണിച്ചിരുന്ന പൃഥ്വി ഷാ രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനം നടത്തിയതും താരത്തിനു തിരിച്ചടിയാകും.
ആദ്യ ഇന്നിംഗ്സിൽ പരാജയപ്പെട്ടവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും രണ്ടാം ഇന്നിംഗ്സിൽ കണക്കു തീർത്തു. ആദ്യ ഇന്നിംഗ്സിൽ, പൃഥ്വി ഷായും ശുഭ്മൻ ഗില്ലും റണ്ണെടുക്കാതെ പുറത്തായപ്പോൾ അഗർവാളിൻ്റെ സമ്പാദ്യം ഒരു റൺ മാത്രമായിരുന്നു. ഋഷഭ് പന്ത് (7), വൃദ്ധിമാൻ സാഹ (0) എന്നീ ഇന്ത്യയുടെ രണ്ട് വിക്കറ്റ് കീപ്പർമാർക്കും മികച്ച പ്രകടനം നടത്താനായില്ല. ഇവരിൽ ഗില്ലൊഴികെ ബാക്കിയെല്ലാവരും രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.
പൃഥ്വി ഷാ (31 പന്തുകളിൽ 39), മായങ്ക് അഗർവാൾ (99 പന്തുകളിൽ 81), ഋഷഭ് പന്ത് (65 പന്തുകളിൽ 70), വൃദ്ധിമാൻ സാഹ (38 പന്തുകളിൽ 30 നോട്ടൗട്ട്) എന്നിങ്ങനെയാണ് ഇവരുടെ സ്കോർ. ശുഭ്മൻ ഗില്ലിന് 8 റൺസ് മാത്രമേ എടുക്കാനായുള്ളൂ. രണ്ട് ഇന്നിംഗ്സുകളിൽ സാഹയെക്കാൾ നന്നായി ബാറ്റ് ചെയ്തതു കൊണ്ട് തന്നെ ഋഷഭ് പന്തിന് അവസരം ലഭിക്കാൻ സാധ്യതയുണ്ട്. പൃഥ്വി ഷാ, മായങ്ക് അഗർവാൾ എന്നിവർ ഇന്ത്യക്കായി ഓപ്പൺ ചെയ്യും. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി തുടങ്ങിയവരും ടീമിലുണ്ടാവും. പരുക്കേറ്റ് സംശയത്തിലായിരുന്ന പേസ് ബൗളർ ഇഷാന്ത് ശർമ്മ ഫിറ്റ്നസ് ടെസ്റ്റ് പാസായി ടീമിനൊപ്പം ചേർന്നിട്ടുണ്ട്.
Story Highlights: prithvi shaw amayank agarwal and rishabh pant in form shubhman gil may not be included in test match against new zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here