കൊറോണ വൈറസ്; വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാകുമെന്ന് ആപ്പിൾ

ചൈനയിലെ കൊറോണ വൈറസ് ബാധ മൂലം വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാകുമെന്ന് ഐ ഫോൺ നിർമാതാക്കളായ ആപ്പിൾ. മാർച്ച് മാസത്തിൽ അവസാനിക്കുന്ന സാമ്പത്തിക പാദത്തിൽ 67 ബില്യൺ ഡോളർ വരെ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്നായിരുന്നു ആപ്പിൾ കണക്കുകൂട്ടിയിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ ഉത്പാദനം കുറഞ്ഞതും വിപണി സ്തംഭിച്ചതും ലക്ഷ്യം കൈവരിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചെന്ന് കമ്പനി പറയുന്നു.
വൈറസ് ബാധ മൂലം ചൈനയിലെ ആപ്പിൾ സ്റ്റോറുകൾ അടയ്ക്കുകയും ഉത്പാദനം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ഐ ഫോണുകൾ ഏറെയും നിർമ്മിക്കുന്നത് ചൈനയിൽ നിന്നാണ്. ചൈനയിൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ സാധാരണ നിലയിലേക്ക് കാര്യങ്ങളെത്താൻ പ്രതീക്ഷിച്ചതിനെക്കാൾ സമയം എടുക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
അതുകൊണ്ട് ഈ സാമ്പത്തിക പാദത്തിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാൻ കമ്പനിക്ക് കഴിയില്ലെന്നും ഐ ഫോൺ നിർമാതാക്കൾ അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പ്രധാന കേന്ദ്രമായ ഹുബൈ പ്രവിശ്യ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. വൈറസ് ബാധയെ തുടർന്ന് ചൈനയിൽ ആവശ്യം കുറയുന്നത് വരും മാസങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്നും ആപ്പിൾ അധികൃതർ കണക്കുകൂട്ടുന്നു.
കൊറോണ വൈറസ് ബാധ മൂലം ഐ ഫോൺ ഉത്പാദനം പത്ത് ശതമാനം കുറയ്‌ക്കേണ്ടിവരുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എത്രത്തോളം ഉത്പാദനം കുറയ്‌ക്കേണ്ടിവന്നു എന്ന കാര്യം ആപ്പിൾ വ്യക്തമാക്കിയിട്ടില്ല.
corona virus, apple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here