Advertisement

അനധികൃത സ്വത്തു സമ്പാദന കേസ്: മുൻ മന്ത്രി വിഎസ് ശിവകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു

February 18, 2020
Google News 1 minute Read

അനധികൃത സ്വത്തു സമ്പാദന കേസിൽ മുൻ മന്ത്രി വി.എസ്. ശിവകുമാറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. ഒന്നാം പ്രതി വി.എസ്.ശിവകുമാറടക്കം നാല് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. എഫ്.ഐ.ആർ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.

2011 – 2016 കാലയളവിലെ യുഡിഎഫ് സര്‍ക്കാരില്‍ ആരോഗ്യ-ദേവസ്വം മന്ത്രിയായിരുന്ന വി.എസ്.ശിവകുമാർ പേഴ്സണല്‍ സ്റ്റാഫിനേയും സുഹൃത്തുകളേയും ബിനാമികളാക്കി സ്വത്തുകള്‍ സമ്പാദിച്ചെന്ന് വിജിലൻസ് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു. ശിവകുമാറിനെ കൂടാതെ സുഹൃത്തുകളും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായ മൂന്നു പേർ കൂടി പ്രതിപ്പട്ടികയിലുണ്ട്. ഡ്രൈവറായ ഷൈജു ഹരൻ, എന്‍എസ് ഹരികുമാർ, എം.രാജേന്ദ്രൻ എന്നിവരെയാണ് ശിവകുമാറിനെ കൂടാതെ പ്രതി ചേർക്കപ്പെട്ടത്. അതേ സമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും ശിവകുമാർ പ്രതികരിച്ചു.

പേഴ്സണൽ സ്റ്റാഫിലൊരാൾ ബേക്കറി ജംഗ്ഷന് സമീപം വാങ്ങിയ ഒന്നരയേക്കർ ഭൂമി ശിവകുമാറിന് വേണ്ടിയാണെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ചില മരുന്ന് കമ്പനികളുമായും ആശുപത്രികളുമായും ശിവകുമാറിന് ബന്ധമുണ്ടെന്നും വിജിലൻസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ശിവകുമാറിന്റെയും പേഴ്സണൽ സ്റ്റാഫിലെ ചിലരുടെയും വിമാനയാത്രകളുടെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചിരുന്നു. തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ എസ്.പി വിഎസ് അജിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

2016-ല്‍ ജേക്കബ് തോമസ് വിജിലന്‍സ് മേധാവിയായിരുന്ന സമയത്ത് ശിവകുമാറിനെതിരെ വിജിലന്‍സിന്‍റെ ഇന്‍റലിജന്‍സ് വിഭാഗം രഹസ്യമായി അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനത്തിന് ശിവകുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ ഇന്‍റലിജന്‍സ് വിഭാഗം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാർശ ചെയ്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ നടപടി.

Story Highlights: FIR registered against vs sivakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here