ഗതാഗത നിരീക്ഷണ പരിപാടി ഗാലക്സോണിനു കൈമാറാൻ പൊലീസ് തലപ്പത്തു നീക്കമെന്ന് പ്രതിപക്ഷം

120 കോടി രൂപയുടെ ഗതാഗത നിരീക്ഷണ പരിപാടി ഗാലക്സോണിനു കൈമാറാൻ പൊലീസ് തലപ്പത്തു നീക്കമെന്ന് പ്രതിപക്ഷം. പദ്ധതി നടപ്പായാൽ സ്വകാര്യ കമ്പനിയുടെ ക്വട്ടേഷൻ ഏജൻ്റുമാരായി പൊലീസ് മാറുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതിനിടെ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തക്ക് നിർദേശം നൽകി. എന്നാൽ, ആഭ്യന്തര സെക്രട്ടറി അല്ല സിബിഐയാണ് കേസ് അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷം പറഞ്ഞു.
120 കോടിയുടെ സമഗ്ര ഡിജിറ്റൽ ഗതാഗത നിരീക്ഷണ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. ടെണ്ടർ നടപടികളിൽ നിന്ന് സിഡ്കോയെ വെട്ടിയാണ് കെൽട്രോണിനെ തെരഞ്ഞെടുത്തത്. പദ്ധതി കെൽട്രോൺ ഗാലക്സോണിനും മീഡിയാ ട്രോണിക്സിനും നൽകും. പെറ്റി അടിക്കാനും പിഴ ഈടാക്കാനും അധികാരം അനുമതി സ്വകാര്യ കമ്പനിക്കായിരിക്കും. പിരിഞ്ഞു കിട്ടുന്ന തുകയിൽ 90 % സ്വകാര്യ കമ്പനിക്കും 10% മാത്രം സർക്കാരിനും ലഭിക്കുമെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
അതേ സമയം, ആരോപണം പൊലീസ് നിഷേധിച്ചു. ടെണ്ടറിൻ്റെ അന്തിമ പരിശോധനയിലേക്ക് ഇതുവരെ കടന്നിട്ടില്ലെന്നും കരാർ കൈമാറിയെന്ന വാർത്ത തെറ്റാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു
അതിനിടെ സിഎജി റിപ്പോർട്ടിൽ പൊലീസുമായി ബന്ധപ്പെട്ട ആരോപണങ്ങളെക്കുറിച്ചന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി വാക്കാൽ നിർദേശം നൽകി. റിപ്പോർട്ട് തയ്യാറാക്കും മുമ്പ് സിഎജി ആഭ്യന്തര സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും സിബിഐയാണ് കേസ് അന്വേഷിക്കേണ്ടതെന്നും പ്രതിപക്ഷം പറഞ്ഞു.
Story Highlights: Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here