അവിനാശി വാഹനാപകടം: അപകടത്തിൽപെട്ടവരുടെ ബന്ധുക്കള്‍ പാലക്കാട് എസ് പിയെ ബന്ധപ്പെടണമെന്ന് പൊലീസ്

തമിഴ്നാട്ടിലെ അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾ എത്രയും വേഗം പാലക്കാട് എസ് പിയെ ബന്ധപ്പെടണം എന്ന് കേരള പൊലീസ്. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്‍റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുകയാണെന്നറിയിച്ച കേരള പൊലീസ്, ഹെല്പ് ലൈൻ നമ്പരുകളും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിട്ടുണ്ട്.
കേരള പൊലീസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
കോയമ്പത്തൂര്‍ അപകടം: അപകടത്തിൽപെട്ടവരുടെ ബന്ധുക്കള്‍ എത്രയും വേഗം പാലക്കാട് എസ് പിയെ ബന്ധപ്പെടണം
കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അപകടത്തിൽപെട്ടവരുടെയും മരണമടഞ്ഞവരുടെടെയും ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891). പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്‍റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നു.
അപകടത്തില്‍ മരണമടഞ്ഞവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടിസ്വീകരിക്കുമെന്ന് തമിഴ്നാട് ഡി ജി പിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്കി.അപകടവിവരം അറിഞ്ഞയുടന്‍തന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സംസ്ഥാന പോലീസ് മേധാവി അനുശോചനം അറിയിച്ചു.
ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി വോൾവോ ബസാണ് അപകടത്തിൽ പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ടൈൽ നിറച്ച ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടാകുന്നത്. മരണപ്പെട്ടവരിൽ അഞ്ചു പേർ സ്ത്രീകളാണ്. മരണപ്പെട്ടവരെല്ലാം മലയാളികളാണെന്നാണ് തമിഴ്‌നാട് സ്‌പെഷ്യൽ ബ്രാഞ്ച് പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here