അവിനാശി കെഎസ്ആര്‍ടിസി ബസ് അപകടം ; ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തമിഴ്‌നാട് അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ്‌സെക്രട്ടറി തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി പഞ്ഞു.
പരുക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സംഭവ സ്ഥലത്തേക്ക് തിരിച്ചു. പരുക്കേറ്റവരെ ആവശ്യമെങ്കില്‍ കോയമ്പത്തൂരിലെ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് മാറ്റും. അടിയന്തര ഇടപെടലുകള്‍ക്കായി കേരളത്തിന്റെ 108 ആംബുലന്‍സുകള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. പരുക്കേറ്റവരുടെ ചികിത്സ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ ആവശ്യമെങ്കില്‍ കേരളത്തില്‍ നിന്ന് പ്രത്യേക മെഡിക്കല്‍ സംഘത്തെ അവിനാശിയിലേക്ക് അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തമിഴ്‌നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ ജില്ലാ കലക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്നും അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
Story Highlights- Avinashi KSRTC bus accident; CM said that necessary action would be taken
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here