കൊറോണ ഭീതി ഒഴിയുന്നു ; രണ്ട് പരിശോധനാ ഫലവും നെഗറ്റീവ്, തൃശൂരിലെ വിദ്യാര്‍ത്ഥിനി ആശുപത്രി വിട്ടു

രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ഡിസ്ചാര്‍ജ് തീരുമാനിച്ചത്.
ജനുവരി 24 ന് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥിനിയെ രോഗലക്ഷണങ്ങളോട് കൂടി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 30ന് രാജ്യത്ത് ആദ്യമായി തൃശൂരില്‍ കൊറോണ സ്ഥിരീകരിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ കുട്ടിയെ ഡോക്ടര്‍മാര്‍ നിരീക്ഷിച്ച് വരികയായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ശരീര ശ്രവങ്ങള്‍ പരിശോധനക്ക് അയച്ചു.
സാമ്പിള്‍ പരിശോധനാ ഫലം തുടര്‍ച്ചയായി രണ്ടാം തവണ നെഗറ്റീവായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചത്. അതേസമയം, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്നും ഒരാളെയും ജനറല്‍ ആശുപത്രിയില്‍ നിന്നും ഒരാളെയും ഡിസ്ചാര്‍ജ് ചെയ്തിരുന്നു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 174 ആണ്.
Story Highlights- corona virus, student left, hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here