വെടിയുണ്ടകള്‍ കാണാതായ സംഭവം: സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കേരളാ പൊലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദേശം.

കോട്ടയം സ്വദേശി രാമചന്ദ്ര കൈമളിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേരളാ പൊലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു.

വിഷയത്തില്‍ ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് വാദത്തിനിടെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വെടിയുണ്ടയുടെ പുറംചട്ട കണ്ടെടുത്ത സംഭവത്തില്‍ ഒമ്പത് പൊലീസുകാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എങ്കില്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.

അതേസമയം, കഴിഞ്ഞ ദിവസം സമാനമായ ഹര്‍ജി വന്നെങ്കിലും ഹൈക്കോടതി ആവശ്യം തള്ളിയിരുന്നു. മാധ്യമ വാര്‍ത്തകളെ അടിസ്ഥാനമാക്കി കേസ് എടുക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.

Story Highlights: kerala high court, CAG report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top