ഇന്ത്യ-ന്യുസീലന്റ് ആദ്യ ടെസ്റ്റ് നാളെ; വെല്ലിംഗ്ടൺ പേസർമാരെ തുണക്കും

ഇന്ത്യയുടെ ന്യുസീലന്റ് പര്യടനത്തിലുള്ള ആദ്യ ടെസ്റ്റ് നാളെ. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം വെല്ലിംഗ്ടണിലാണ് നടക്കുക. ഇന്ത്യൻ സമയം പുലർച്ചെ നാല് മണിക്കാണ് മത്സരം. മത്സരം നടക്കുന്ന വെല്ലിംഗ്ടണിൽ പേസർമാരെ തുണക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം.

ന്യുസീലൻ്റിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെപ്പറ്റി ഇന്ത്യൻ നായകൻ വിരാട് കോലി നേരത്തെ സൂചന നൽകിയിരുന്നു. ഓപ്പണിംഗിൽ മായങ്ക് അഗർവാളിനൊപ്പം യുവതാരം പൃഥ്വി ഷാ ഇറങ്ങുമെന്നും ഇഷാന്ത് ശർമ്മ ഫൈനൽ ഇലവനിൽ ഉണ്ടാകുമെന്നുമുള്ള സൂചനകളാണ് കോലി നൽകിയത്. എന്നാൽ ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ എന്നിവരിൽ ആര് വിക്കറ്റ് കാക്കും എന്നതിനെപ്പറ്റി വ്യക്തതയില്ല.

നേരത്തെ, ന്യുസീലന്റ് ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിൽ പൃഥ്വി ഷായും മായങ്ക് അഗർവാളും ഋഷഭ് പന്തും മികച്ച പ്രകടനം നടത്തിയിരുന്നു. ഓപ്പണിംഗ് പൊസിഷനിലേക്ക് പൃഥ്വിക്കൊപ്പം പരിഗണിച്ചിരുന്ന ശുഭ്മൻ ഗിൽ രണ്ട് ഇന്നിംഗ്സുകളിലും പരാജയപ്പെട്ടത് പൃഥ്വിയുടെ വഴി എളുപ്പമാക്കി. അതേ സമയം, പന്ത് തിളങ്ങിയപ്പോൾ സാഹക്ക് കാര്യമായി തിളങ്ങാനായില്ല. അതുകൊണ്ട് തന്നെ സാഹയെ മറികടന്ന് പന്ത് വിക്കറ്റ് കീപ്പറായേക്കും. മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവരാവും പേസ് ഡിപ്പാർട്ട്മെൻ്റ് കൈകാര്യം ചെയ്യുക. നവദീപ് സെയ്നി, ഉമേഷ് യാദവ് എന്നിവർ കൂടി ടീമിൽ ഉണ്ടെങ്കിലും ഇരുവരും മറ്റുള്ളവരുടെ പ്രകടനം അനുസരിച്ച് മാത്രമേ ടീമിൽ ഇടം നേടൂ. ബൗളിംഗ് പിച്ച് പരിഗണിച്ച് എക്സ്ട്രാ പേസറെ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ ഉമേഷ് ടീമിൽ ഉൾപ്പെട്ടേക്കും.

അഞ്ചാം ടി-20യിൽ പരുക്കേറ്റ് പുറത്തായ ഓപ്പണർ രോഹിത് ശർമ്മക്ക് പകരക്കാരനായാണ് ശുഭ്മൻ ഗിൽ ടീമിലെത്തിയത്. ന്യുസീലന്റ് എക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം നടത്തിയതോടെയാണ് യുവതാരത്തിന് നറുക്കുവീണത്.

Story Highlights: India New Zealand first test tomorrowനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More