ഐഎസ്എൽ: ജംഷഡ്പൂരിനെതിരെ തകർപ്പൻ ജയം; ലീഗ് ചാമ്പ്യന്മാരായി എഫ്സി ഗോവ

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ എഫ്സി ഗോവക്ക് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ഗോവ ജംഷഡ്പൂരിനെ തകർത്തത്. ജയത്തോടെ ലീഗ് ചാമ്പ്യന്മാരായ ഗോവ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കുന്ന ആദ്യ ടീം എന്ന റെക്കോർഡും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള യോഗ്യതയും സ്വന്തമാക്കി.
11ആം മിനിട്ടിൽ തന്നെ ഗോവ ഗോൾ വേട്ട തുടങ്ങി. കോറോയാണ് ഗോളടിക്ക് തുടക്കമിട്ടത്. 70ആം മിനിട്ട് വരെ സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല. 70ആം മിനിട്ടിൽ ഹ്യൂഗോ ബൗമസ് രണ്ടാം ഗോൾ നേടി. 84ആം മിനിട്ടിൽ ജാക്കിചന്ദ് സിംഗും 87ആം മിനിട്ടിൽ മൗര്‍ട്ടാദ ഫൗളും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. 90ആം മിനിട്ടിൽ രണ്ടാം ഗോൾ കുറിച്ച ഹ്യൂഗോ ബോമസിലൂടെ ഗോവ കൂറ്റൻ ജയം കുറിച്ചു. സ്കോർ സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. ഡിഫൻഡർമാരുടെ പിടിപ്പു കേടും മുൻനിരയുടെ മോശം പ്രകടനവും ജംഷഡ്പൂരിനു വിനയാവുകയായിരുന്നു.
ജയത്തോടൊപ്പം ഒരുപിടി റെക്കോർഡുകളും ഗോവ കുറിച്ചു. സീസണിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന ടീം എന്ന റെക്കോർഡാണ് ആദ്യത്തേത്. 46 ഗോളുകളാണ് ഇതുവരെ ഗോവയുടെ സമ്പാദ്യം. 2017-2018 സീസണിൽ നേടിയ 42 ഗോള്‍ എന്ന സ്വന്തം റെക്കോര്‍ഡാണ് ഗോവ ഈ സീസണിൽ തകര്‍ത്തത്. ഇനി നോക്കൗട്ട് ഘട്ടം അവശേഷിക്കുന്നതിനാൽ ഈ സംഖ്യ ഇനിയും ഉയരും. ഒപ്പം ഐഎസ്എല്ലില്‍ 50 വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഈ മത്സരത്തോടെ ഗോവയുടെ പേരിലായി. ഒപ്പം, ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കുന്ന ആദ്യ ടീം എന്ന റെക്കോർഡും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാൻ നേരിട്ട് യോഗ്യത നേടുന്ന ആദ്യ ടീം എന്ന റെക്കോർഡും ഗോവക്ക് സ്വന്തമായി.
18 മത്സരങ്ങളിൽ നിന്ന് 12 ജയത്തോടെ 39 പോയിൻ്റുകളാണ് ഗോവക്കുള്ളത്. മൂന്നു വീതം സമനിലയും തോൽവിയും അവർക്കുണ്ട്.
ഈ സീസൺ മുതലാണ് ലീഗ് ജേതാക്കൾക്ക് ഐഎസ്എൽ ഷീൽഡും 50 ലക്ഷം രൂപയും കൊടുക്കാൻ തീരുമാനിച്ചത്.
Story Highlights: ISL Goa league champions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here