ഗാലക്‌സോണുമായുള്ള സിംസ് കരാർ സർക്കാർ നേരത്തെ തന്നെ മറച്ചുവച്ചു; തെളിവ് പുറത്ത്

ഗാലക്‌സോണുമായുള്ള സിംസ് കരാർ സർക്കാർ നേരത്തെ തന്നെ മറച്ചുവച്ചതിന് തെളിവ് പുറത്ത്. നിയമസഭയിൽ ഇത് സംബന്ധിച്ച് 2019 നവംബറിൽ പ്രതിപക്ഷ എംഎൽഎമാർ ഉന്നയിച്ച ചോദ്യങ്ങൾക്ക് വിവരം ശേഖരിച്ചു വരുന്നു എന്നു മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഗാലക്‌സോണു മായുളള കരാറിനെക്കുറിച്ചും ഡയറക്ടർമാർ ആരെന്നതിനെക്കുറിച്ചും മുഖ്യമന്ത്രി മറുപടി നൽകിയില്ല.
2019 നവംബർ 18ന് സിം സുമായി ബന്ധപ്പെട്ട നക്ഷത്ര ചിഹ്നമിടാത്ത രേഖാമൂലം മറുപടി നൽകേണ്ട രണ്ടു ചോദ്യങ്ങൾ പ്രതിപക്ഷ എംഎൽഎമാരിൽ നിന്നുണ്ടായിരുന്നു. കെൽട്രോണിന്റെ പങ്കാളിത്തത്തെക്കുറിച്ച് മാത്രമായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. സർക്കാരിനോ പൊലീസിനോ സാമ്പത്തിക ബാധ്യത ഇല്ലാതെ കെൽട്രോൺ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നതെന്നു മറുപടി നൽകിയ മുഖ്യമന്ത്രി യഥാർത്ഥ നടത്തിപ്പുകാരായ ഗാലക്‌സോണിനെക്കുറിച്ച് പ്രതികരിച്ചതേയില്ല.
പൊലീസുമായി ബന്ധപ്പെട്ട എന്തെങ്കിലും ഈ സ്ഥാപനത്തെ ഏൽപ്പിച്ചിട്ടുണ്ടോ? ടെണ്ടറിൽ പങ്കെടുത്ത കമ്പനികളും ക്വോട്ട് ചെയ്ത തുകയും വെളിപ്പെടുത്തുമോ ? കമ്പനിയുടെ ഡയറക്ടർമാർ ആരൊക്കെ എന്നീ ചോദ്യങ്ങൾക്ക് വിവരം ശേഖരിച്ചു വരുന്നു എന്നായിരുന്നു മറുപടി. പൊലീസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് ഓഫീസുണ്ടോ? കമ്പനിയുടെ കഴിഞ്ഞ 5 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് നൽകിയിട്ടുണ്ടോ? ഇവരുടെ മുൻ പരിചയം എന്താണ് എന്നീ ചോദ്യങ്ങൾക്കും വിവരം ശേഖരിച്ചു വരുന്നെന്നായിരുന്നു മറുപടി. സിഎജി റിപ്പോർട്ടോടെയാണ് സിംസ് പദ്ധതിയിൽ ഗാലക്‌സോണിന്റെ പങ്ക് പുറത്തുവന്നത്. പങ്കാളിത്ത വിവരം നിയമസഭയിലും സർക്കാർ മറച്ചുവയ്ക്കാൻ ശ്രമിച്ചത് കരാറിനെക്കുറിച്ച് ദുരൂഹത വർധിപ്പിക്കുകയാണ്.
Story Highlights- Galaxon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here