കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയെ ലൈംഗീക പീഡനത്തിനിരയാക്കിയ കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് കോടതി ഇന്ന് പരിഗണിക്കും. ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജിയിന്മേലാണ് ഇന്നത്തെ വാദം. വിടുതല്‍ ഹര്‍ജിക്കെതിരെ പ്രോസിക്യൂഷന്‍ തടസവാദം ഉന്നയിച്ചിരുന്നു.

കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച് വിചാരണാ നടപടികള്‍ ആരംഭിക്കാനിരിക്കെ ആയിരുന്നു കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹര്‍ജി നല്‍കിയത്. കേസില്‍ തനിക്ക് പങ്കില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കൂടാതെ ഒഴിവാക്കണ അപേക്ഷ. ഈ ഹര്‍ജിയിന്‍ മേലാണ് കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നില്‍ വാദം നടക്കുന്നത്.

പ്രോസിക്യൂഷന്‍ ഉന്നയിച്ച തടസ അപേക്ഷയിലും കോടതി വാദം കേള്‍ക്കും. കേസില്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഫ്രാങ്കോ മറ്റൊരു കന്യാസ്ത്രീയെ കൂടി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയെന്ന വിവരം ഇന്നലെ പുറത്തു വന്നിരുന്നു. ഇതും കൂടുതല്‍ വാദങ്ങളിലേക്ക് നയിച്ചേക്കും.

മുന്‍പ് പലതവണ കേസ് പരിഗണിച്ചപ്പോഴും ഫ്രാങ്കോ കോടതിയില്‍ ഹാജരായില്ല. വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം മുമ്പ് കോടതി തള്ളിയതാണ്. അനാവശ്യ ഹര്‍ജികള്‍ നല്‍കി വിചാരണ നീട്ടി കൊണ്ടു പോകാനാണ് പ്രതിഭാഗത്തിന്റെ നീക്കമെന്ന് പ്രോസിക്യൂഷന്‍ വിലയിരുത്തുന്നു.

Story Highlights: Franco mulakkal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top