കാമുകനെ രഹസ്യവിവാഹം ചെയ്ത യുവതിയെ മാതാപിതാക്കൾ കൊന്നു കനാലിൽ തള്ളി

കാമുകനുമായി രഹസ്യ വിവാഹം ചെയ്ത യുവതിയെ സ്വന്തം വീട്ടുകാർ കൊന്നു കനാലിൽ തള്ളി. കിഴക്കൻ ഡൽഹിയിൽ നിന്നാണ് കൊടുംക്രൂരതയുടെ ഈ വാർത്ത വന്നിരിക്കുന്നത്.
ശീതൾ ചൗധരി എന്ന യുവതിയെയാണ് മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് അരുംകൊല നടത്തിയത്. സംഭവത്തിൽ ശീതളിന്റെ പിതാവ് രവീന്ദർ ചൗധരി, മാതാവ് സുമൻ, അമ്മാവൻ സഞ്ജയ്, ബന്ധുക്കളായ ഓംപ്രകാശ്, പർവേശ്, അങ്കിത് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികൾ കുറ്റസമ്മതം നടത്തിയെന്നാണ് അന്വേഷണ ചുമതലയുള്ള ന്യൂ അശോക് നഗർ പൊലീസ് മാധ്യമങ്ങളെ അറിയിച്ചത്.
2019 ഒക്ടോബറിൽ ആയിരുന്നു ശീതളും കാമുകനായ അങ്കിത് ഭാട്ടിയും മൂന്നു വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരാകുന്നത്. വീട്ടുകാരുടെ എതിർപ്പ് ഭയന്ന് ഡൽഹിയിലുള്ള ഒരു ആര്യസമാജം ക്ഷേത്രത്തിൽവച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. ഈ വർഷം ജനുവരി വരെ താൻ വിവാഹിതയായെന്ന കാര്യം ശീതൽ വീട്ടിൽ നിന്നും മറച്ചുവച്ചു. ജനുവരി 20 നാണ് അങ്കിതുമായി തന്റെ വിവാഹം കഴിഞ്ഞെന്ന കാര്യം ശീതൾ മാതാപിതാക്കളെ അറിയിക്കുന്നത്. എന്നാൽ, ഇങ്ങനെയൊരു വിവാഹം തങ്ങൾ അംഗീകരിക്കില്ലെന്ന് അറിയിച്ച മാതാപിതാക്കൾ ഇതിന്റെ പേരിൽ ശീതളുമായി കലഹത്തിലായി. തുടർന്നാണ് ജനുവരി 29 ന് ശീതളിനെ സ്വന്തം അച്ഛനും അമ്മയും ചേർന്ന് കൊലപ്പെടുത്തുന്നത്.
രാത്രിയിൽ ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശീതളിന്റെ മൃതദേഹം മാതാപിതാക്കൾ കാറിൽ അലിഗഢ് വരെ എത്തിച്ചു. ഇവിടെ നിന്നും കൂട്ടുപ്രതികളായ ബന്ധുക്കൾ മറ്റൊരു കാറിലായി ഇവരെ അനുഗമിച്ചു. ഇതിനുശേഷം ജവാൻഗനറിലുള്ള ഒരു കനാലിൽ ശീതളിന്റെ മൃതദേഹം തള്ളുകയായിരുന്നു.
ശീതളിനെ കാണാനില്ലെന്നു കാണിച്ച് ഈ മാസം 18-ാം തീയതി അങ്കിട് ഭാട്ടിയ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊടുംക്രൂരതയുടെ വിവരങ്ങൾ പുറത്തു വരുന്നത്. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം തെളിയുന്നത്.
ജനുവരി 30 ന് തന്നെ ശീതളിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ, അജ്ഞാത മൃതദേഹമെന്ന നിലയിൽ ഈ മാസം രണ്ടുവരെ മോർച്ചറിയിൽ സൂക്ഷിച്ചശേഷം, അവകാശികൾ ആരും തേടിവരാതിരുന്നതിനെ തുടർന്ന് സംസ്‌കരിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here