മദ്യപിച്ചോടിച്ച് കാർ മരത്തിൽ ഇടിപ്പിച്ചു; മൂന്ന് മരണം; സീറ്റ് ബെൽറ്റ് ഇട്ട ആൾ മാത്രം രക്ഷപ്പെട്ടു

ഹൈദരാബാദിൽ വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. രാത്രി വൈകി പാർട്ടിക്ക് ശേഷം സരൂർ നഗറിൽ വച്ചാണ് അപകടമുണ്ടായത്. മരത്തിൽ കാർ ഇടിച്ചായിരുന്നു അപകടം. കാറിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു.
ബാല്യകാല സുഹൃത്തുക്കളായ വിനായക് മല്ലികാർജുന (29), സായ്‌നാഥ് (27), ശ്രീറാം നായ്ക് (28) എന്നിവരാണ് മരിച്ചത്. രാമപ്രസാദ് കല്യാൺ എം ഗുരുതര പരുക്കുകളോട് കൂടി രക്ഷപ്പെട്ടു. ഇയാളെ നഗരത്തിലെ ജീവൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിനായക് ആണ് കാർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. അമിത വേഗതയിൽ മദ്യപിച്ചാണ് ഇയാൾ കാർ ഓടിച്ചത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കർമൻഘട്ട് നഗർ റോഡിലെ മരത്തിൽ ഇടിക്കുകയായിരുന്നു. നാല് പേരും മദ്യപിച്ചിരുന്നെങ്കിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ കല്യാൺ മാത്രം രക്ഷപ്പെട്ടു. ഇവരുടെ രണ്ട് സുഹൃത്തുകൾ മുൻപിൽ ബൈക്കിൽ സഞ്ചരിച്ചിരുന്നു. പിന്നിൽ കാർ കാണാത്തതിനെ തുടർന്ന് അവർ അന്വേഷിക്കുകയും കാർ മരത്തിൽ ഇടിച്ച് കിടക്കുന്നത് കണ്ട് പൊലീസിനെ അറിയിക്കുകയും ചെയ്തു.
മൃതദേഹങ്ങൾ ഓസ്മാനിയ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കാർ ഓടിച്ച വിനായകിന്റെ കൈയിൽ നിന്ന് നേരത്തെ തന്നെ അമിതവേഗത്തിന് അഞ്ച് പ്രാവശ്യം പിഴ ഈടാക്കിയിട്ടുണ്ട്. അപകടത്തിൽ പൊലീസ് 304എ, 337 എന്നി വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here