നമസ്‌തേ ട്രംപ് മെഗാ ഷോയ്‌ക്കൊരുങ്ങി അഹമ്മദാബാദ്

നമസ്‌തേ ട്രംപ് മെഗാ ഷോയ്‌ക്കൊരുങ്ങി അഹമ്മദാബാദ് നഗരം. കനത്ത സുരക്ഷയിൽ തുടരുന്ന നഗരത്തിൽ വിവാദങ്ങൾക്കിടയിലും കോടികൾ മുടക്കിയുള്ള സൗന്ദര്യവൽകരണം പൂർത്തിയായി.

മറ്റന്നാളാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ് നഗരത്തിലെത്തുന്നത്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യയിലെ മതസ്വാതന്ത്ര്യം വിഷയമാകുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

പതിനേഴായിരം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥർ, ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സർവീസ് തുടങ്ങി കനത്ത സുരക്ഷാ വലയത്തിലാണ് അഹമ്മദാബാദ് നഗരം. ട്രംപ് വന്നിറങ്ങുന്ന സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാരംഭിക്കുന്ന റോഡ്‌ഷോ അവസാനിക്കുന്ന മൊട്ടേര സ്റ്റേഡിയം വരെ പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്. സീക്രട്ട് സർവീസസിന്റെ അത്യാധുനിക സുരക്ഷാ വാഹനങ്ങൾ വാഷിങ്ടണിൽ നിന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ എത്തിച്ചിരുന്നു.

ട്രംപ്‌മോദി മെഗാ ഷോ വൻവിജയമാക്കാനുള്ള കഠിനശ്രമത്തിലാണ് സംഘാടകർ. ഇരുനേതാക്കളും ചേർന്ന് നടത്തുന്ന റോഡ് ഷോ കടന്നുപോകുന്ന 22 കിലോമീറ്റർ ദൂരം വിവിധ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങൾ അരങ്ങേറും. മൊട്ടേര സ്റ്റേഡിയത്തിലെ മെഗാ ഷോയിൽ എആർ റഹ്മാനും സോനു നിഗവും നേതൃത്വം നൽകുന്ന വമ്പൻ സംഗീതനിശയും ബോളിവുഡ് താരങ്ങളുടെ കലാപ്രകടനങ്ങളും അരങ്ങിലെത്തും. സച്ചിൻ മുതൽ ഗാംഗുലി വരെയുള്ളവർ പ്രത്യേക ക്ഷണിതാക്കളാണ്.

അതേസമയം, പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്ന് വെളിപ്പെടുകയുണ്ടായി. വൈറ്റ്ഹൗസ് വ്യത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ ആണവകരാർ സംബന്ധിച്ചും ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്.

Story highlight: Namaste Trump, preparing for mega show in Ahmedabad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top