യുഎഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

യുഎഇയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ യുഎഇയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം പതിമൂന്നായി. ഇറാനിയൻ ദമ്പതികൾക്കാണ് ഏറ്റവും ഒടുവിൽ കൊറോണ സ്ഥീരീകരിച്ചത്.
സന്ദർശകരായി എത്തിയ എഴുപതു വയസുള്ള ഒരു ഇറാനിയൻ പൗരനും അയാളുടെ അറുപത്തി നാല് വയസുള്ള ഭാര്യക്കുമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത് കൂടാതെ 34 വയസുള്ള ഒരു ഫിലിപ്പൈൻ പൗരനും മുപ്പത്തിഒൻപത് വയസുള്ള ഒരു ബംഗ്ലാദേശി പൗരനും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, മൂന്നുപേർ ഇതിനോടകം രോഗ വിമുക്തരായിട്ടുണ്ട്. ചികിത്സയിൽ ഉള്ള ഒരു ഫിലിപ്പൈൻ പൗരൻ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. അതേസമയം, വൈറസ് പടരുന്നത് തടയുന്നതിനായി രോഗികളുമായി സമ്പർക്കം ഉണ്ടായിരുന്നവരെ നിരീക്ഷിച്ചു വരികയാണ്. രാജ്യത്ത് കൊറോണ വൈറസ് പടർന്നു പിടിക്കാതിരിക്കാൻ വേണ്ട എല്ലാ കരുതലുകളും രാജ്യം നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here