Advertisement

ട്രംപിന്റെ ഇന്ത്യാ സന്ദർശനം; ചരിത്രത്തിൽ ആദ്യമായി താജ്മഹലിലെ ശവകുടീരങ്ങൾ വൃത്തിയാക്കി യുപി സർക്കാർ

February 24, 2020
Google News 2 minutes Read

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തിൻ്റെ ഭാഗമായി കേന്ദ്രം ഒട്ടേറെ മുഖം മിനുക്കലാണ് നടത്തിയത്. അഹ്മദാബാദിലെ ചേരികൾ മറക്കുന്നതിനായി മതിൽ പണിതതും വഴികൾ മോടി പിടിപ്പിച്ചതുമൊക്കെ ഇതിൽ പെടും. ഇതോടൊപ്പമാണ് താജ്മഹലിൽ നടത്തിയ ചില സൗന്ദര്യവത്കരണങ്ങൾ. ചരിത്രത്തിൽ ആദ്യമായി താജ്മഹലിലെ ശവകുടീരങ്ങൾ വൃത്തിയാക്കിയതാണ് താജ്മഹലിൽ ചെയ്ത ഏറ്റവും ‘മഹത്തായ’ കാര്യം.

താജ്മഹലും ട്രംപിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് വൃത്തിയാക്കിയിരുന്നു. ഇതിനു മുൻപും താജ്മഹൽ വൃത്തിയാക്കിയിട്ടുണ്ടെങ്കിലും അതിനുള്ളിലെ ശവകുടീരങ്ങൾ വൃത്തിയാക്കുന്നത് ആദ്യമായാണ്. 300ലധികം വർഷങ്ങൾക്കു മുൻപാണ് താജ്മഹൽ പണികഴിപ്പിക്കപ്പെട്ടത്. മുഗൾ ചക്രവർത്തി ഷാജഹാൻ്റെയും ഭാര്യ മുംതാസിൻ്റെയും ശവകുടീരങ്ങളാണ് താജ്മഹലിൽ ഉള്ളത്. മുംതാസിനു വേണ്ടി ഷാജഹാൻ പണികഴിപ്പിച്ചതാണിത്.

അതേ സമയം, പ്രതിരോധ മേഖലയിൽ അമേരിക്ക-ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണ്. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും വ്യാപാര കരാർ വൈകില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്നതിനെത്തിയ ട്രംപ് മൊട്ടേര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി തിങ്കളാഴ്ച പകൽ 11.40നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഇരുവരെയും സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം ഇരുനേതാക്കളും സന്ദർശിച്ചു. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി. ചൊവ്വാഴ്ചയാണ് ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക നയതന്ത്ര ചർച്ച നടക്കുന്നത്.

Story Highlights: Taj Mahal Tombs Cleaned For The First Time In 300 Years, Thanks To President Trump’s Visit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here