വി മുരളീധരനെ വിമര്‍ശിച്ച ടിപി സെന്‍കുമാറിന് പിന്തുണയുമായി കെ സുരേന്ദ്രന്‍

ടിപി സെന്‍കുമാറിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ടിപി സെന്‍കുമാര്‍ രാഷ്ട്രീയക്കാരനല്ലെന്നും മറ്റ് പല മേഖലകളിലും കാര്യക്ഷമമായി ഇടപെടുന്നയാളാണെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ‘ സെന്‍കുമാര്‍ കേരളത്തില്‍ അംഗീകാരമുള്ളയാളാണ്. സെന്‍കുമാറിന്റെ സേവനം മെച്ചപ്പെട്ടതെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ വില നല്‍കുന്നുണ്ടെന്നും’ കെ സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി വി മുരളീധരനെ ടി പി സെന്‍കുമാര്‍ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. തന്നെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞ വി മുരളീധരന്റെ പ്രസ്താവനയെ ഗൗരവമായി കാണുന്നില്ലെന്നായിരുന്നു സെന്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച വി മുരളീധരന്‍ ടി പി സെന്‍കുമാറിനെയും സുഭാഷ് വാസുവിനെയും തള്ളിപ്പറഞ്ഞിരുന്നു. തനിക്കൊപ്പം ശ്രീനാരായണീയര്‍ ഉണ്ടാകുമെന്നും വി മുരളീധരന്റെ പ്രസ്താവന തന്നെ ബാധിക്കില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

അതേസമയം, വെള്ളാപ്പള്ളിയെ സന്ദര്‍ശിച്ച വി മുരളീധരന്റെ നടപടിയില്‍ ബിജെപിക്കുള്ളിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അഴിമതിക്കേസില്‍ ആരോപണവിധേയരെന്ന നിലയിലും, ശബരിമല വിഷയം, ഉപതെരഞ്ഞെടുപ്പുകള്‍ എന്നിവയില്‍ ബിജെപിക്കെതിരെ പരസ്യ നിലപാടെടുത്ത വ്യക്തിയെന്ന കാരണത്താലും വി മുരളീധരന്റെ വെള്ളാപ്പള്ളി അനുകൂല നിലപാട് സംഘപരിവാറിനെയും ചൊടിപ്പിച്ചതിന് പിന്നാലെയാണ് ടി പി സെന്‍കുമാറിന് പരസ്യമായി പിന്തുണയുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് വന്നത്.

 

Story Highlights- BJP state president, K Surendran,  TP Senkumar
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top