Advertisement

ഇന്ത്യ ഏറ്റവും വലിയ പ്രതിരോധ പങ്കാളി; യുഎസുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഡോണൾഡ് ട്രംപ്

February 24, 2020
Google News 2 minutes Read

പ്രതിരോധ മേഖലയിൽ അമേരിക്ക-ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയാണെന്നും ട്രംപ് പറഞ്ഞു. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും വ്യാപാര കരാർ വൈകില്ലെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ സന്ദർശിക്കുന്നതിനെത്തിയ ട്രംപ് മൊട്ടേര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘നമസ്‌തേ ട്രംപ്’ പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

പ്രസംഗത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് വാനോളം പുകഴ്ത്തി. മോദിയുടെ ജീവിത കാലഘട്ടങ്ങളെക്കുറിച്ചും ഭരണനേട്ടങ്ങളെക്കുറിച്ചും വാചാലനായ ട്രംപ്, മോദി ജനകീയനായ നേതാവാണെന്നും പറഞ്ഞു.ഇന്ത്യയുടെ വൈവിധ്യം പ്രചോദനമാണ്. യുഎസിന്റെ മനസിൽ ഇന്ത്യയ്ക്ക് ഇനി പ്രത്യേക സ്ഥാനം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ആധുനിക ആയുധങ്ങൾ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യം ആലോചിക്കും. ഇന്ത്യയുമായി ചൊവ്വാഴ്ച പ്രതിരോധ കരാർ ഒപ്പിടുമെന്നും ട്രംപ് അറിയിച്ചു.

ഭീകരവാദികളെയും അവരുടെ ആശയത്തെയും ഇല്ലാതാക്കുന്നതിനുള്ള യോജിച്ചുള്ള പ്രവർത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ഭാഗമായി പാകിസ്താൻ അതിർത്തിയിലെ ഭീകരസംഘടനകളെ ഇല്ലാതാക്കാൻ തന്റെ ഭരണകൂടം പാകിസ്താനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

36 മണിക്കൂർ നീളുന്ന സന്ദർശനത്തിനായി തിങ്കളാഴ്ച പകൽ 11.40നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തിയത്. അഹമ്മദാബാദിലെ സർദാർ പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ഇരുവരെയും സ്വീകരിച്ചു. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം ഇരുനേതാക്കളും സന്ദർശിച്ചു. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി. ചൊവ്വാഴ്ചയാണ് ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക നയതന്ത്ര ചർച്ച നടക്കുന്നത്.

story highlights- donald trump, narendra modi, motera stadium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here