ഏകദിന ക്രിക്കറ്റില്‍ അന്ന് ദൈവം ഇരട്ട ശതകം തികച്ചു ; റെക്കോര്‍ഡ് ഓര്‍മകള്‍ക്ക് പത്ത് വയസ്

അന്ന് വരെ ഏകദിനത്തില്‍ അസാധ്യമാണെന്ന് ക്രിക്കറ്റ് ലോകം അവര്‍ത്തിച്ച ലക്ഷ്യത്തെ ദൈവം മറികടന്നിട്ട് ഇന്നേക്ക് പത്ത് വര്‍ഷം. 2010 ഫെബ്രുവരി 24 നായിരുന്നു ക്രിക്കറ്റിന്റെ ദൈവം റണ്‍ വേട്ടയില്‍ പുതിയ ചരിത്രം കുറിച്ചത്. ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഡബിള്‍ സെഞ്ചുറി നേടിയ വിസ്മയ ഇന്നിംഗിസ് ഇന്ത്യന്‍ ആരാധകര്‍ക്ക് നല്‍കിയ ആവേശം ഇന്നും ചോര്‍ന്ന് പോയിട്ടില്ല. പിന്നീട് പലരും പലതവണ ഇരട്ട സെഞ്ചുറികള്‍ നേടിയെങ്കിലും ആരാധകരുടെ മനസില്‍ ഇടിത്തീ പോലെ പതിഞ്ഞത് സച്ചിന്റെ ആദ്യ ഇരട്ട സെഞ്ചുറി നേട്ടമായിരുന്നു.
1989ല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ മൈതാനത്തില്‍ അവതരിച്ച ഈ കുറിയ മനുഷ്യന്റെ റെക്കോഡുകള്‍ ക്രിക്കറ്റ് മൈതാനങ്ങളില്‍ ആരവങ്ങള്‍ അവസാനിക്കാത്ത കാലംമത്രയും ഒര്‍മിക്കപ്പെടും. സച്ചിന് ശേഷം ഇന്ത്യന്‍ നിരയില്‍ നിന്ന് മൂന്നുവട്ടം രോഹിത് ശര്‍മയും ഒരു തവണ വീരേന്ദര്‍ സെവാഗും ഇരട്ട സെഞ്ചുറികള്‍ നേടിയെങ്കിലും ആദ്യനേട്ടത്തിന്റെ മധുരം ഇന്നും സച്ചിന്‍ ആരാധകരുടെ മനില്‍ നിന്ന് മാഞ്ഞിട്ടില്ല. 2012 ല്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ 18426 റണ്‍സും 49 സെഞ്ചുറികളും 96 അര്‍ധ സെഞ്ചുറികളും ആ മഹാനായ ക്രിക്കറ്ററിന്റെ ഏകദിന കരിയറിലുണ്ടായിരുന്നു. 2013ല്‍ തന്റെ അവസാന ടെസ്റ്റ് മത്സരത്തിന് ശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നിന്ന് കണ്ണീരോടെ ക്രിക്കറ്റിനോട് സച്ചിന്‍ പൂര്‍ണമായും വിടപറഞ്ഞെങ്കിലും ആ സുവര്‍ണ കാലഘട്ടവും വിസ്മയ ഇന്നിംഗസുകള്‍ ചരിത്രമായി തുടരും.
2010 ല്‍ ഗ്വാളിയോറിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് വീരേന്ദര്‍ സെവാഗിന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ ടീമിനെ തോളിലേറ്റിയ സച്ചിന്‍ 147 പന്തില്‍ നിന്ന് ഡബിള്‍ സെഞ്ചുറി തികച്ചു. ക്രിക്കറ്റ് ചരിത്രം അത് വരെ കാണാത്ത ഒരു പ്രകടനമായിരുന്നു അത്. 25 ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു സച്ചിന്റെ ഇന്നിംഗസ്. സച്ചിന്റെ ബാറ്റിംഗ് മികവില്‍ ഇന്ത്യ 50 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുക്കുകയും ചെയ്തു. 153 റണ്‍സെന്ന മികച്ച മാര്‍ജിനിലായിരുന്നു അന്ന് ഇന്ത്യയുടെ വിജയം.
Story Highlights- Sachin Tendulkar,Double centuries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here