വനിതാ ടി-20 ലോകകപ്പ്: മികച്ച തുടക്കം കളഞ്ഞു കുളിച്ച് ഇന്ത്യ; ബംഗ്ലാദേശിന് 143 റൺസ് വിജയലക്ഷ്യം

വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 143 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. ഷഫാലി വർമ്മയിലൂടെ അമ്പരപ്പിക്കുന്ന തുടക്കം കിട്ടിയ ഇന്ത്യക്ക് ആ തുടക്കം മുതലാക്കാൻ സാധിക്കാതിരുന്നത് തിരിച്ചടി ആവുകയായിരുന്നു. 39 റൺസെടുത്ത ഷഫാലി തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബംഗ്ലാദേശിനു വേണ്ടി സൽമ ഖാത്തൂനും പന്ന ഘോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മന്ദനയുടെ അഭാവത്തിൽ വിക്കറ്റ് കീപ്പർ തനിയ ഭാട്ടിയയാണ് ഷഫാലിയോടൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. 2 റൺസെടുത്ത ഭാട്ടിയ വേഗം പുറത്തായെങ്കിലും ഷഫാലിക്ക് അതൊന്നും പ്രശ്നമുണ്ടായില്ല. അനായാസം ബൗണ്ടറികൾ കണ്ടെത്തിയ കൗമാര താരം ബംഗ്ലാ ബൗളർമാരെ ഒന്നൊഴിയാതെ തല്ലിച്ചതച്ചു. 17 പന്തുകളിൽ രണ്ട് ബൗണ്ടറികളും നാല് സിക്സറും സഹിതം 39 റൺസെടുത്ത ഷഫാലി ഒടുവിൽ പന്ന ഘോഷിനു വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഷമീമ സുൽത്താനയാണ് ഷഫാലിയെ കൈപ്പിടിയിൽ ഒതുക്കിയത്.
ഷഫാലി പുറത്തായതിനു ശേഷം റൺസ് കണ്ടെത്താൻ വിഷമിച്ച ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഓരോരുത്തരായി കൂടാരം കയറി. ഫീൽഡിൽ ബംഗ്ലാ താരങ്ങൾ ഇന്ത്യൻ ബാറ്റർമാർക്ക് തീരെ സ്വതന്ത്ര്യം നൽകാതിരുന്നതോടെ റൺ വരൾച്ച രൂക്ഷമായി. ജമീമ റോഡ്രിഗസ് (37 പന്തുകളിൽ 34), ദീപ്തി ശർമ്മ (16 പന്തുകളിൽ 11) എന്നിവർ റണ്ണൗട്ടായത് ബംഗ്ലാദേശ് താരങ്ങളുടെ ഉജ്ജ്വല ഫീൽഡീംഗിന് ഉദാഹരണമായി. ഹർമൻപ്രീത് കൗർ (8), റിച്ച ഘോഷ് (14) എന്നിവർ വേഗം പുറത്തായി. ഒടുവിൽ വേദ കൃഷ്ണമൂർത്തി നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 140 കടത്തിയത്. വേദ 11 പന്തുകളിൽ നാല് ബൗണ്ടറികൾ സഹിതം 20 റൺസെടുത്ത് പുറത്താവാതെ നിന്നു.
Story Highlights: Womens t-20 world cup india innings against bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here