‘ഏഷ്യൻ ഇലവനുള്ള ടീമിലേക്കുള്ള താരങ്ങളെ പ്രഖ്യാപിച്ചിട്ടില്ല’; വാർത്തകൾ നിഷേധിച്ച് സൗരവ് ഗാംഗുലി

ഏഷ്യൻ ഇലവനിൽ കളിക്കാനുള്ള താരങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചിട്ടില്ലെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഇന്ത്യയിൽ നിന്ന് നാല് താരങ്ങൾ കളിക്കുമെന്ന മാധ്യമ വാർത്തകളെയാണ് ഗാംഗുലി തള്ളിയത്. ലഭ്യത അനുസരിച്ച് മാത്രമേ താരങ്ങളെ തീരുമാനിക്കൂ എന്ന് ഗാംഗുലി അറിയിച്ചു.
നായകൻ വിരാട് കോലി, മൊഹമ്മദ് ഷമി, ശിഖർ ധവാൻ, കുൽദീപ് യാദവ് എന്നിവർ ഏഷ്യൻ ഇലവനിൽ കളിക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ടുകൾ. ബംഗ്ലാദേശ് രാഷ്ട്രപിതാവ് സെയിഖ് മുജീബു റഹ്മാൻ്റെ നൂറാം ജന്മദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പരമ്പരയിലേക്കാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയോട് താരങ്ങളെ ആവശ്യപ്പെട്ടത്. ലോക ഇലവനെതിരെ നടക്കുന്ന ടി-20 പരമ്പരയിൽ രണ്ട് മത്സരങ്ങളാണ് ഉള്ളത്. അടുത്ത മാസം 18, 21 തീയതികളിൽ ധാക്കയിലെ ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ഐസിസിയുടെ ടി-20 അംഗീകാരവും ഈ പരമ്പരയ്ക്ക് ലഭിച്ചിട്ടുണ്ട്.
എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രിത് ബുംറ, ഹാർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ എന്നീ അഞ്ചു താരങ്ങളെ പരമ്പരയിൽ കളിക്കാൻ അനുവദിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ ബിസിസിഐ നാലു താരങ്ങളെ നൽകാമെന്ന് അറിയിക്കുകയായിരുന്നു.
ഇന്ത്യൻ താരങ്ങൾക്കൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും ഏഷ്യൻ ഇലവനിൽ അണിനിരക്കും. എന്നാൽ പാകിസ്താൻ സൂപ്പർ ലീഗ് നടക്കുന്നതിനാൽ പാക് താരങ്ങൾ ഈ മത്സരങ്ങളിൽ കളിക്കില്ല.
Story Highlights: BCCI yet to finalize names of Indian players for the Asia XI vs World XI fixtures says Sourav Ganguly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here