മസ്തിഷ്ക രോഗങ്ങൾ അധികരിക്കുന്നു; 12 വയസിനു താഴെയുള്ള ഫുട്ബോൾ താരങ്ങൾ പന്ത് ഹെഡ് ചെയ്യരുതെന്ന് ഫുട്ബോൾ അസോസിയേഷനുകൾ

12 വയസിനു താഴെയുള്ള കുട്ടികൾ ഫുട്ബോൾ പരിശീലനത്തിനിടെ പന്ത് ഹെഡ് ചെയ്യരുതെന്ന് ഇംഗ്ലീഷ്, സ്കോട്ടിഷ്, ഐറിഷ് ഫുട്ബോൾ അസോസിയേഷൻ. മൂന്ന് അസോസിയേഷനുകളുടെയും സംയുംക്ത തീരുമാനമാണിത്. മത്സരത്തിനിടെ ഹെഡ് ചെയ്യുന്നത് പ്രശ്നമില്ലെന്നും പരിശീലനത്തിനിടെ ഹെഡ് ചെയ്യരുതെന്നുമാണ് നിർദ്ദേശം. പഴയ ചില താരങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അസോസിയേഷനുകൾ ഇത്തരത്തിൽ തീരുമാനം എടുത്തത്.
6 മുതൽ 11 വയസ്സു വരെയുള്ള ഫുട്ബോൾ താരങ്ങൾക്കാണ് ഈ നിർദ്ദേശം. 12 മുതൽ 16 വരെ പ്രായമുള്ള കുട്ടികളുടെ പരിശീലനം ശ്രദ്ധയോടെ ആകണമെന്നും നിർദ്ദേശമുണ്ട്. 18 വയസ്സിൽ താഴെയുള്ളവരിലേക്ക് ഈ നിർദ്ദേശം ഭാവിയിൽ അധികരിപ്പിക്കാനും ഫുട്ബോൾ അസോസിയേഷനുകൾ പദ്ധതിയിടുന്നുണ്ട്. ഇതുവഴി പരിശീലനങ്ങളിൽ ഹെഡറുകൾ കുറഞ്ഞ് അത് കളിക്കളത്തിലേക്ക് കൂടി വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.
7676 മുൻ ഫുട്ബോൾ താരങ്ങളിലും 23000 സാധാരണക്കാരിലും നടത്തിയ പഠനങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ഹെഡറുകൾ ഒരുപാട് ചെയ്യുന്നത് മസ്തിഷ്ക സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്നായിരുന്നു പഠനത്തിലെ സുപ്രധാന കണ്ടെത്തൽ. മറ്റുള്ളവരെക്കാൾ മൂന്നര മടങ്ങ് അധിക സാധ്യതയാണ് ഫുട്ബോൾ താരങ്ങൾക്ക് ഇക്കാര്യത്തിൽ ഉള്ളത്. അൽഷിമേഴ്സ് മൂലം മുൻ ഫുട്ബോൾ താരം മരിക്കാൻ 5 മടങ്ങ് അധിക സാധ്യതയും പാർക്കിൻസൺ കാരണം മരിക്കാൻ 2 മടങ്ങ് അധിക സാധ്യതയുമാണ് ഉള്ളത്. സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോ സർവകലാശാല നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
ആരോഗ്യ രംഗത്തുള്ളവർ തീരുമാനത്തെ പിന്തുണക്കുമ്പോൾ ഫുട്ബോൾ ലോകം ഇക്കാര്യത്തിൽ രണ്ട് തട്ടിലാണ്. കളിയിലെ പ്രധാന ആകർഷണമായ ഹെഡറുകൾ ഭാവിയിൽ ഇല്ലാതാവാനുള്ള സാധ്യതയാണ് ഇതിലൂടെ തുറക്കപ്പെടുന്നതെന്നാണ് പ്രധാനമായും ഇതിനെതിരെ ഉയരുന്ന വിമർശനം.
Story Highlights: Heading ban for children during football training
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here