കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത എണ്ണക്കപ്പൽ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവ്

അറ്റകുറ്റപ്പണിക്ക് ശേഷം ശ്രീലങ്കൻ കപ്പൽ ശാലയിൽ പണം നൽകിയില്ലെന്ന പരാതിയിൽ കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ എണ്ണക്കപ്പൽ വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവ്. കപ്പൽ കമ്പനി അധികൃതർ കോടതിയിൽ ഹാജരായി പണം അടച്ചതിനെത്തുടർന്നാണ് നടപടി. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കപ്പൽ കസ്റ്റഡിയിലെടുത്തത്. 78 ലക്ഷം രൂപയാണ് കമ്പനി കപ്പൽ ശാലയ്ക്ക് നൽകേണ്ടിയിരുന്നത്.
ഫെബ്രുവരി രണ്ടാം തീയതിയാണ് മുംബൈ ആസ്ഥാനമായ കമ്പനിയുടെ കപ്പൽ ഹൻസ പ്രേം ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. 78 ലക്ഷം രൂപയാണ് കപ്പൽ ശാലയ്ക്ക് നൽകേണ്ടിയിരുന്ന തുക. എന്നാൽ പണം നൽകാതെ മുങ്ങിയെന്ന കൊളംബോ കപ്പൽശാലയുടെ പരാതിയെത്തുടർന്ന് കേരള ഹൈക്കോടതി കപ്പൽ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് കൊച്ചി തീരത്തേക്ക് വരുകയായിരുന്ന കപ്പൽ ഫോർട്ട്കൊച്ചി കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കപ്പൽ ഉടമസ്ഥർ കോടതിയിൽ നിശ്ചിത തുക കെട്ടിവെച്ച സാഹചര്യത്തിലാണ് കപ്പൽ വിട്ടയക്കാൻ കോടതി ഉത്തരവുണ്ടായത് .
കഴിഞ്ഞ മേയിലാണ് അറ്റകുറ്റപ്പണി നടത്തിയ ശേഷം കപ്പൽ പണം നൽകാതെ മുങ്ങിയത്. മാരി ടൈം നിയമ പ്രകാരം കപ്പൽ ഒന്നാം പ്രതിയും കപ്പലിന്റെ ഉടമ രണ്ടാം പ്രതിയുമായിരുന്നു. 27 ഇന്ത്യൻ ജീവനക്കാരടങ്ങുന്ന കപ്പൽ ഇന്നലെയാണ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here