നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യരെ വിസ്തരിച്ചു

നടിയെ ആക്രമിച്ച കേസിലെ പതിനൊന്നാം സാക്ഷിയായ മഞ്ജു വാര്യരെ വിസ്തരിച്ചു. കേസിലെ നിർണായക സാക്ഷിയാണ് മഞ്ജു വാര്യർ. നടൻ സിദ്ധിഖ്, നടി ബിന്ദു പണിക്കർ എന്നിവരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തുന്നുണ്ട്.
രാവിലെ പതിനൊന്ന് മണിയോടെയാണ് കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയിൽ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ആരംഭിച്ചത്. രണ്ട് മണിക്കൂറോളം എടുത്താണ് പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയാക്കിയത്. ദിലീപിന്റെ അഭിഭാഷകന്റെ എതിർ വിസ്താരവും മണിക്കൂറുകൾ നീണ്ടു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയിൽ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആരോപിച്ചിരുന്നു. മഞ്ജുവിന്റെ ഈ പ്രസ്ഥാവന പിന്നീട് കേസിൽ നിർണായകമായി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്ന് സാധൂകരിക്കുന്നതിൽ നിർണായകമാണ് മഞ്ജുവിന്റെ മൊഴി.
കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലെ അടിച്ചിട്ട മുറിയിലാണ് വിസ്താരം നടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും വിചാരണയ്ക്കായി ഇന്ന് കോടതിയിലെത്തി. ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് വർഷങ്ങൾക്ക് ശേഷം ഇരുവരും ഇന്ന് വീണ്ടുമെത്തിയതെന്ന യാദൃശ്ചികതയുമുണ്ട്. ഇത്തവണ പക്ഷേ ദിലീപ് പ്രതിയും മഞ്ജു സാക്ഷിയുമാണെന്ന് മാത്രം. അന്ന് കുടുംബ കോടതി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് വിചാരണ ഇപ്പോൾ കോടതി പ്രവർത്തിക്കുന്നത്.
ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. കേസിലെ ഗൂഡാലോചനക്കുറ്റം തെളിയിക്കുന്നതിൽ ചലച്ചിത്ര രംഗത്തെ സാക്ഷികളുടെ മൊഴി പ്രധാനമാണ്. ഗീതു മോഹൻദാസ്, സംയുക്ത വർമ, കുഞ്ചാക്കോ ബോബൻ, എന്നിവരെ നാളെയും സംവിധായകൻ ശ്രീകുമാർ മേനോനെ മറ്റന്നാളും വിസ്തരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here