വില്ല്യംസണെ ഒഴിവാക്കി; സൺ റൈസേഴ്സിനെ ഇനി വാർണർ നയിക്കും

വരുന്ന ഐപിഎൽ സീസണിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെ ഓസീസ് താരം ഡേവിഡ് വാർണർ നയിക്കും. ന്യുസീലൻ്റ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണെ മാറ്റിയാണ് വാർണർക്ക് നായക സ്ഥാനം നൽകിയത്. 2016ൽ വാർണറുടെ നേതൃത്വത്തിലാണ് സൺ റൈസേഴ്സ് ജേതാക്കളായത്. 2017ൽ പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് പുറത്തായ വാർണർ 2018ൽ ടീമിൽ ഉൾപ്പെട്ടു എങ്കിലും ടീമിനെ നയിച്ചത് വില്ല്യംസൺ ആയിരുന്നു. കഴിഞ്ഞ സീസണിലും വില്ല്യംസൺ തുടർന്നു. വില്ല്യംസണിൻ്റെ അഭാവത്തിൽ ഭുവനേശ്വർ കുമാറും ടീമിനെ നയിച്ചു.

“2020 ഐപിഎല്ലിൽ നായക സ്ഥാനം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ടീമിനെ ഒരിക്കൽ കൂടി നയിക്കാൻ സാധിക്കുന്നതിൽ ഞാൻ കൃതാർത്ഥനാണ്. കഴിഞ്ഞ വർഷങ്ങളിൽ ടീമിനെ നയിച്ച വില്ല്യംസണിനോടും ഭുവനേശ്വറിനോടും നന്ദി. നിങ്ങൾ നന്നായി ആ റോൾ കൈകാര്യം ചെയ്തു. പിന്തുണയും അഭിപ്രായവും നിങ്ങളിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ അവസരം നൽകിയതിന് മാനേജ്മെൻ്റിനോട് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.” നായക സ്ഥാനം ഏറ്റെടുത്തുകൊണ്ട് വാർണർ പറഞ്ഞു.

2014ൽ സൺ റൈസേഴ്സിലെത്തിയ വാർണർ 2015ലാണ് ക്യാപ്റ്റനായത്. 2015, 17, 19 വർഷങ്ങളിൽ വാർണറായിരുന്നു ടൂർണമെൻ്റിലെ ടോപ്പ് സ്കോറർ. ഐപിഎല്ലിലെ തന്നെ ഏറ്റവുമധികം റൺസ് നേടിയവരുടെ പട്ടികയിൽ നാലാമത് വാർണർ ഉണ്ട്. ഏപ്രിൽ ഒന്നിന് മുംബൈ ഇന്ത്യൻസിനെതിരെയാണ് സീസണിലെ സൺ റൈസേഴ്സിൻ്റെ ആദ്യ മത്സരം.

മാർച്ച് 29നാണ് ഐപിഎൽ ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. മെയ് 24ന് ഫൈനൽ മത്സരം നടക്കും.

Story Highlights: David Warner reinstated as SRH captain ahead of IPL 2020നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More