ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം; ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഡൽഹി കലാപത്തിന് കാരണമായെന്ന് ആരോപിക്കുന്ന ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ ഡൽഹി പൊലീസ് ഇന്ന് നിലപാട് അറിയിക്കും. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസിന്റേയും രണ്ടാമത്തെ മുതിർന്ന ജഡ്ജിയുടേയും അഭാവത്തിലാണ് സീനിയോറിറ്റിയിൽ മൂന്നാമനായ ജസ്റ്റിസ് എസ്. മുരളീധർ ഇന്നലെ ഡൽഹി കലാപത്തിൽ അടിയന്തര വാദം കേട്ടത്. ഇന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ സിറ്റിംഗ് നടത്തുന്ന സാഹചര്യത്തിൽ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗം സംബന്ധിച്ച ഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ ലിസ്റ്റ് ചെയ്യുകയായിരുന്നു. പ്രകോപനപരമായ എല്ലാ പ്രസംഗങ്ങളിലും ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഇന്നലെ ജസ്റ്റിസ് എസ്. മുരളീധർ നിരീക്ഷിച്ചിരുന്നു. ബിജെപി നേതാക്കളായ കപിൽ മിശ്ര, പർവേഷ് വർമ, അഭയ് വർമ, അനുരാഗ് താക്കൂർ എന്നിവരുടെ വിവാദ പ്രസംഗങ്ങൾ കണ്ടശേഷം ഡൽഹി പൊലീസ് നിലപാട് അറിയിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതിന് മണിക്കൂറുകൾക്കകം ജസ്റ്റിസ് എസ്. മുരളിധറിന്റെ സ്ഥലംമാറ്റ ഉത്തരവ് നിയമ മന്ത്രാലയം പുറത്തിറക്കി. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്കാണ് മാറ്റം. ഈമാസം പന്ത്രണ്ടിന് മുരളീധറിന്റെ സ്ഥലംമാറ്റം സുപ്രിംകോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു.

story highlights- delhi highcourt, delhi riots

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top