കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായി

കൊല്ലത്ത് പള്ളിമൺ ഇളവൂരിൽ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറ് വയസുകാരിയെ കാണാതായി. മണിക്കൂറുകൾക്ക് മുൻപാണ് കുട്ടിയെ കാണാതായത്. പ്രദേശത്ത് പൊലീസും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തുന്നു.
പള്ളിമൺ പുലിയില ഇളവൂർ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ ആറ് വയസുകാരിയായ മകൾ ദേവനന്ദയെയാണ് കാണാതായത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്നതിനിടെ രാവിലെ 10.30 നാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ അമ്മ തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തിൽ ഉത്സവ ചടങ്ങുകൾ നടക്കുകയാണ്. ഇതോടനുബന്ധിച്ച് കുട്ടി ഇന്ന് സ്‌കൂളിൽ നിന്ന് അവധിയെടുത്തിരുന്നു.
കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ ക്ഷേത്ര കമ്മിറ്റിക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തി. കുട്ടിയെ കണ്ടെത്താൻ കഴിയാത്തതോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പള്ളിക്കലാറിന് സമീപമാണ് കുട്ടിയുടെ വീട്. ഇതാണ് പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുന്നത്. വിവിധ നിലയങ്ങളിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും പൊലീസും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here