മകൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; പ്രതിഷേധിച്ച പിതാവിനെ വലിച്ചിഴച്ച് പൊലീസ്; വിവാദം

മകൾ മരിച്ചതിൽ പ്രതിഷേധിച്ച പിതാവിനെ പൊലീസ് വലിച്ചിഴച്ചത് വിവാദമാകുന്നു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലാണ് സംഭവം. മകളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് സംഭവമുണ്ടായത്. കുട്ടിയുടെ മൃതദേഹം മാറ്റുന്നത് തടഞ്ഞ പിതാവിനെ പൊലീസ് കോൺസ്റ്റബിൽ വലിച്ചിഴക്കുകയും മർദിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പെൺകുട്ടിയെ കോളജ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹവുമായി പൊലീസുകാർ മോർച്ചറിയിലേക്ക് വരുന്നതിനിടെ പെൺകുട്ടിയുടെ പിതാവ് അതിന് മുന്നിലേക്ക് വീണ് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് കോൺസ്റ്റബിൾ ഇദ്ദേഹത്തെ ചവിട്ടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉന്നതതല അന്വേഷണത്തിന് തെലങ്കാന പൊലീസ് ഉത്തരവിട്ടു. പിതാവിനെ മർദിച്ച കോൺസ്റ്റബിളിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. പെൺകുട്ടി പനിബാധിച്ചതിനെ തുടർന്ന് അവശയായിരുന്നതായും വിഷാദരോഗത്തിനടിമയായിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top